X

ഭാരത് മാതാ കി അല്ല, അംബാനി കീ ജയ് വിളിക്കൂ; മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭാരത് മാതാ കീ ജയ് വിളിച്ച് ജനങ്ങളോട് സംസാരം തുടങ്ങുന്നതിന് പകരം അനില്‍ അംബാനി കീ ജയ് എന്ന് വിളിക്കാന്‍ രാഹുല്‍ മോദിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ അല്‍വാറില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമേദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആഞ്ഞടിച്ചത്.

‘വേദികളില്‍ പ്രസംഗിക്കുന്നതിന് മുമ്പ് മോദി ഭാരത് മാതാ കീ ജയ് എന്നായിരിക്കും അഭിസംബോധന ചെയ്യുന്നത്. പക്ഷേ അദ്ദേഹം പണിയെടുക്കുന്നത് അനില്‍ അംബാനിക്ക് വേണ്ടിയാണ്. അതു കൊണ്ട് അനില്‍ അംബാനി കീ ജയ് എന്നോ നീരവ് മോദി കീ ജയ് എന്നോ വിളിക്കുന്നതായിരിക്കും നല്ലതെന്ന്’- രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആ വാഗ്ദാനം അദ്ദേഹം പാലിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസം അല്‍വാറില്‍ എന്തിനാണ് നാല് യുവാക്കള്‍ ആത്മഹത്യ ചെയ്തതെന്ന് രാഹുല്‍ ചോദിച്ചു. കഴിഞ്ഞ ദിവസം അല്‍വാറില്‍ നാല് യുവാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിന് കാരണം തൊഴിലില്ലായ്മയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമര്‍ശനം. വിഷയത്തില്‍ മോദി മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു.
നമ്മുടെ മന്‍ കി ബാത്ത് പറയാന്‍ ഇവിടെ അവസരമില്ല. മറിച്ച് മോദിയുടെ മന്‍ കി ബാത്ത് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ അതല്ല ഉദ്ദേശിക്കുന്നത്. യുവാക്കളിലേക്ക് കടന്ന് ചെന്ന് അവരുടെ മനസിലുള്ളത് അറിയാനാണ് ശ്രമിക്കുന്നത്.

മോദി തന്റെ പ്രസംഗങ്ങളില്‍ റഫാല്‍ വിഷയത്തെ കുറിച്ച് ഒന്നും പറയാറില്ലെന്നും അക്കാര്യത്തെ പറ്റി എന്തെങ്കിലും പറഞ്ഞാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങള്‍ വിളിച്ചു പറയുമെന്ന ഭയമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

chandrika: