തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നോട്ട് പ്രതിസന്ധിയില്‍ ജനങ്ങള്‍ ദുരിതത്തില്‍. ഏഴ് ദിവസം പിന്നിട്ടിട്ടും മിക്ക എടിഎമ്മുകളിലും പണമെത്തിയിട്ടില്ല. നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം ലഭിക്കാതെ വന്നതോടെ ജനം ഗ്രാമങ്ങളിലെ എടിഎമ്മുകളിലേക്ക് ഓടിയെത്തുകയാണ്. അഞ്ഞൂറിന്റെ പുതിയ നോട്ടുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ അത് സംസ്ഥാനത്തെത്തിയിട്ടില്ല.

എസ്ബിടിയുടെ എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണം ലഭിക്കുന്നത്. അവിടെ മണിക്കൂറുകള്‍ നീണ്ട ക്യൂവിന് ശേഷമാണ് പണം ലഭിക്കുന്നതും. ഇന്നലെ മുതല്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2500ആക്കി ഉയര്‍ത്തിയിരുന്നുവെങ്കിലും 2000 മാത്രമേ കിട്ടിയിരുന്നുള്ളൂ. പ്രശ്‌നത്തില്‍ തിരുവനന്തപുരത്തെ ആര്‍ബിഐ റീജിയണല്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ,സിപിഐ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം, നോട്ട് പിന്‍വലിക്കല്‍ നടപടിയെ ന്യായീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ നടപടി കള്ളപ്പണം തടയാന്‍ ഫലപ്രദമാണെന്ന് അദ്ദേഹം പ്രതികരിച്ചു.