kerala

ഗോകുലം ഗോപാലനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

By webdesk17

April 08, 2025

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിനിമയുടെ സഹനിര്‍മാതാവ് കൂടിയായ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 28ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കി. ഫെമ ലംഘിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കേസില്‍ ഗോപാലനെ ഇന്നലെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജരാകാന്‍ നോട്ടീസ്. ഗോകുലം ഗോപാലന്‍ നേരിട്ടോ ഗോകുലം കമ്പനിയുടെ പ്രതിനിധിയോ ഹാജരാകണമെന്നാണ് നോട്ടീസ്.

നേരത്തെ കോഴിക്കോട്ടും ചെന്നൈയിലും ഗോപാലനെ ഏഴരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12.40ഓടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ചിട്ടിസ്ഥാപനം വഴി അനധികൃതമായി 600 കോടിയോളം രൂപയുടെ വിദേശ സാമ്പത്തിക ഇടപാട് നടന്നെന്ന് ഇ.ഡി ആരോപിക്കുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫിസില്‍നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു.

ഗോകുലം ഗ്രൂപ് ആര്‍.ബി.ഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ചട്ടം ലംഘിച്ച് 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായും ഇ.ഡി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 370.80 കോടി പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയുംചെയ്തു. പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നതായാണ് ഇ.ഡി അധികൃതര്‍ പറയുന്നത്. മൊത്തം 1,000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇ.ഡി ആരോപണം.

അതേസമയം ഇഡിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അധികാരമുണ്ടെന്നും ചോദിച്ചതിനെല്ലാം മറുപടി നല്‍കിയെന്നും ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.