Connect with us

kerala

കേരളത്തില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്‍ തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.

ബൂത്ത് തലത്തില്‍ തന്നെ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഫോമുകള്‍ ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്‍.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബി.എല്‍.ഒമാരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്‍കിയ ഹരജികള്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.

എസ്.ഐ.ആര്‍ നടപടിക്രമങ്ങളില്‍ മികച്ചും മാതൃകാപരമായും പ്രവര്‍ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്‍.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്‍ ബി.എല്‍.ഒമാരുടെ ഫീല്‍ഡ്-തല പരിശ്രമം നിര്‍ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Trending