X
    Categories: CultureMoreViews

ഈ ക്രൂരതകള്‍ എന്റെ പേരിലല്ല; ബീഫ് കൊലപാതകങ്ങള്‍ക്കെതിരെ #NotInMyName സോഷ്യല്‍ മീഡിയയില്‍ തരംഗം

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള ‘എന്റെ പേരിലല്ല’ (#NotInMyName) കാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ട്വിറ്ററില്‍ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ച #NotInMyName ഹാഷ്ടാഗ് ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും തരംഗമായി.

‘എന്റെ പേരിലല്ല’ എന്ന പേരില്‍ ഇന്ന് മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, തിരുവനന്തപുരം, പൂനെ, ചെന്നൈ, പട്‌ന, ലഖ്‌നൗ, കൊച്ചി, യു.എസ്സിലെ ബോസ്റ്റണ്‍, ലണ്ടന്‍, പാകിസ്താനിലെ കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ ഇന്ന് വൈകുന്നേരം കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്.

പെരുന്നാള്‍ ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ജുനൈദ് എന്ന 16-കാരനെ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഹരിയാനയിലെ ബല്ലഭ്ഘഡില്‍ തീവണ്ടിയില്‍ വെച്ച് കുത്തിക്കൊന്ന സംഭവമാണ് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്കെതിരായ പുതിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. നേരത്തെ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ പിതാവായ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തിയപ്പോഴും സമാനമായ സോഷ്യല്‍ മീഡിയാ കാംപെയ്ന്‍ നടന്നിരുന്നു. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് പശുവിന്റെ പേരുള്ള കൊലപാതക പരമ്പര ശക്തമായത്. നിയമത്തെ ഭയമില്ലാതെ അക്രമം അഴിച്ചുവിടുന്ന സംഘങ്ങള്‍ പ്രധാനമായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അഴിഞ്ഞാടുന്നത്. ഇതിനെ അപലപിക്കാനോ നിയന്ത്രിക്കാനോ പ്രധാനമന്ത്രിയോ ബി.ജെ.പി നേതാക്കളോ തയാറാവാറില്ല.

തീവണ്ടിയില്‍ വെച്ച് ഇരുപതോളം വരുന്ന ആള്‍ക്കൂട്ടം ജുനൈദിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബി.ബി.സി, അല്‍ജസീറ, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ സംഭവവും ഇന്ത്യയിലെ പശുആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, സുഹാസിനി ഹൈദര്‍, രാജ്ദീപ് സര്‍ദേശായ്, മാലിനി പാര്‍ത്ഥസാരഥി, സാഗരിക ഘോസ്, റാണ ഘോസ്, അഭിജിത് മജുംദാര്‍, നേഹ ദീക്ഷിത് തുടങ്ങി നിരവധി പേര്‍ #NotInMyName ഹാഷ്ടാഗില്‍ സന്ദേശങ്ങള്‍ രേഖപ്പെടുത്തി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: