തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ജൂണ്‍ അവസാനം വരെ തുടരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സുരക്ഷിതത്വത്തിന് ആവശ്യമായ നിബന്ധനകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്‍ക്കുകയും ഒറ്റക്കെട്ടായി സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയില്‍ നന്ദിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മുഖത്ത് ധരിക്കുന്ന മാസ്‌കിനും മറ്റും പല കടകളിലും അധിക വില ഈടാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ്പ പ്രതിരോധത്തിനായി പ്രവര്‍ത്തിച്ച സംഘം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. കേന്ദ്ര ആരോഗ്യ വകുപ്പില്‍ നിന്നും നല്ല രീതിയിലുള്ള പ്രതികരണവും സഹായവുമാണ് ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.