X

കന്യാസ്ത്രീകളുടെ സമരം എട്ടാം ദിവസത്തിലേക്ക്; ‘സര്‍ക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു’

 

കൊച്ചി: കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ സര്‍ക്കാരിലും പൊലീസിലുമുള്ള വിശ്വാസം നഷ്ടപ്പെടുകയാണെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കന്യാസ്ത്രീകള്‍. അന്വേഷണ സംഘത്തെ തങ്ങള്‍ക്ക് വിശ്വാസമില്ല. അന്വേഷണ സംഘം ആദ്യം റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഫ്രാങ്കോയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നാണ് തങ്ങളോട് അവര്‍ പറഞ്ഞിരുന്നത്. 19ന് ഹാജരാകുന്ന ബിഷപ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയില്ല. പൊലീസ് ഏതു രീതിയിലാണ് കേസ് ഇനി അട്ടിമറിക്കാന്‍ പോകുന്നതെന്നും തങ്ങള്‍ക്കറിയില്ല. എന്തു വിലകൊടുക്കേണ്ടി വന്നാലും ഫ്രാങ്കോയുടെ അറസ്റ്റുണ്ടാകുന്നതുവരെ തങ്ങള്‍ സമരവുമായി മുന്നോട്ടു പോകും.
കുറ്റം ചെയ്തയാളെ അറസ്റ്റു ചെയ്യുക തന്നയാണ് വേണ്ടത്. ഫ്രാങ്കോ കുറ്റവാളിയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. എന്നിട്ടും അന്വേഷണ സംഘം അവരുടെ മേലധികാരികള്‍ക്ക് വഴങ്ങി ഫ്രാങ്കോയെ അറസ്റ്റു ചെയ്യാന്‍ തയ്യാറാകുന്നില്ല. അന്വേഷണ സംഘത്തിനു മേല്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഡിജിപി ഉള്‍പ്പെടെയുള്ള മേലധികാരികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. സഭയുടെ പിന്തുണയും ഫ്രാങ്കോയ്ക്കുണ്ട്. അല്ലെങ്കില്‍ ഇപ്പോഴും അദ്ദേഹം ആ ആസ്ഥാനത്ത് തുടരില്ല. ഇത്രയേറെ ഗൗരവമുള്ള വിഷയമായിട്ടും സഭ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നുവെന്നത് തങ്ങളെ അത്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സേവ് അവര്‍ സിസ്‌റ്റേഴ്‌സിന്റെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വിവിധ യുവജന സംഘടനകള്‍ പിന്തുണയുമായി സമര പന്തലിലെത്തി. നഗരത്തിലെ വിവിധ കോളജ് വിദ്യാര്‍ഥികളുടെ സാനിധ്യവും ശ്രദ്ധേയമായി. ആം ആദ്മി ഡെമോക്രാറ്റിക്, എംസിപി യുണൈറ്റഡ്, ജീസസ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, അഖിലേന്ത്യ മഹിള ഫെഡറേഷന്‍, ആദിവാസി ദളിത് പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്, യുവജന വേദി, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ പ്രതിനിധികള്‍ക്കൊപ്പം സംവിധായകന്‍ മധുപാല്‍, ദളിത് ആക്ടിവിസ്റ്റ് ധന്യ രാമന്‍, ചിത്രകാരന്‍ സത്യപാല്‍, അജിത, ജോസ് തോമസ്, രവി ആര്‍. ഉണ്ണിത്താന്‍, ടി.എന്‍ ജോയ്, സിസ്റ്റര്‍ ഇമല്‍ഡ തുടങ്ങിയനവരും ഐക്യദാര്‍ഢ്യവുമായെത്തി. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നാളെ സമരപന്തലില്‍ സംസ്ഥാനത്തെ ജനകീയ സമരനേതാക്കളെ വിളിച്ചു വരുത്തി ആലോചനാ യോഗം നടത്തുമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു. ഇന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടേയും കന്യസ്ത്രീകളുടേയും കൂട്ടായ്മക്കാണ് സംഘാടകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

നീതി ലഭിക്കാന്‍ നിരാഹാരം കിടക്കാനും തയ്യാര്‍

കൊച്ചി: നീതിക്കുവേണ്ടി താനും കുടുംബവും നിരാഹാരം കിടക്കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുതിര്‍ന്ന സഹോദരി. ഇന്നലെ സമരപ്പന്തലിലെത്തിയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സഹോദരിക്ക് നീതി ലഭിക്കണം, അതിന് മരിക്കാനും ഞങ്ങള്‍ക്ക് മടിയില്ല. അപ്പച്ചന്‍ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ഈ സമരപ്പന്തലില്‍ നിരാഹാരം കിടക്കേണ്ടിയിരുന്നത് അദ്ദേഹമായിരുന്നു. ഫ്രാങ്കോയെ പിതാവെന്ന് വിളിക്കാന്‍ എനിക്കാവില്ല. അത്രക്ക് ക്രൂരമായാണ് അവന്‍ എന്റെ അനുജത്തിയോട് പെരുമാറിയത്. പിശാചിന്റെ രൂപമുള്ള മനുഷ്യനാണ് ഫ്രാങ്കോ മുളയ്ക്കല്‍. 27 വര്‍ഷം അപ്പച്ചന്‍ പട്ടാളത്തില്‍ ജോലിചെയ്തു. അമ്മ മരിച്ചതിന് ശേഷം അഞ്ച് മക്കളെ നോക്കിയ അമ്മയാണ് ഞാന്‍. ആ അനുജത്തി പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ വലിയ വിഷമവും വേദനയും തോന്നിയെന്നും അവര്‍ പറഞ്ഞു.

കെസിബിസി മാപ്പ് പറയണമെന്ന്  ഫാ.അഗസ്റ്റിന്‍ വട്ടോളി

കൊച്ചി: നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ പ്രസ്താവനയിറക്കിയ കെസിബിസി മാപ്പുപറയണമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോളി. മാര്‍പ്പാപ്പ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ് കെസിബിസിയുടെ നിലപാട്. കര്‍ദിനാള്‍ ഗ്രേഷ്യസ് മാര്‍പ്പാപ്പയുടെ അനുവാദത്തോട് കൂടിയാണ് ആരോപാണവിധേയനായ ഫ്രാങ്കോ തല്‍സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. സഭയില്‍ തുടരാനാണ് കന്യാസ്ത്രീകള്‍ സമരം ചെയ്യുന്നത്. യൂറോപ്പിലെ പള്ളികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ കേരളത്തില്‍ ഉണ്ടാവാതിരിക്കാനാണ് വിഷയത്തില്‍ നീതിപൂര്‍വമായ നിലപാടുണ്ടാവണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഫാദര്‍ പറഞ്ഞു.

chandrika: