X
    Categories: MoreViews

ഓഖി പാക്കേജ്: കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി 7340.45 കോടി സഹായം ആവശ്യപ്പെട്ട കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 133 കോടി മാത്രമാണ് ആകെ അനുവദിച്ചത്. നിയമസഭയില്‍ കെ.ദാസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിയ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചതാണ് ഇക്കാര്യം. ഓഖി ദുരന്തം ഉണ്ടായിട്ട് മൂന്നര മാസം പിന്നിട്ടു.
പ്രത്യേക പാക്കേജില്‍ നിന്നുള്ള സഹായം നേടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കേന്ദ്രം അനുവദിച്ച 133 കോടി അപര്യാപ്തമാണ്. സംസ്ഥാനം സമര്‍പ്പിച്ച 7340.45കോടിയുടെ പ്രത്യേക പാക്കേജുമായി അനുവദിച്ച തുകയ്ക്ക് ബന്ധമില്ല. തുക ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് അടിയന്തിര സഹായമായി അനുവദിച്ചിട്ടുള്ളതാണ്. ഓഖിയില്‍പെട്ട് കാണാതായ 102പേരുടെ കുടുംബങ്ങള്‍ക്ക്, മരിച്ചവര്‍ക്ക് നല്‍കുന്ന ധനസഹായം നല്‍കനാണ് തീരുമാനം. ഇതിനുള്ള നിയമതടസങ്ങള്‍ ഒഴിവാക്കിയെടുക്കാനുള്ള ത്വരിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഒടുവിലെ ഒദ്യോഗിക കണക്ക് പ്രകാരം ഓഖി ദുരന്തത്തില്‍ 52 മത്സ്യത്തൊഴിലാളികള്‍ക്ക് ജീവഹാനിയുണ്ടാവുകയും 102 മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 384 മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ വള്ളവും വലയും മറ്റ് അനുസാരികളും നഷ്ടപ്പെടു കയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മത്സ്യമേഖലയിലെ 74 വീടുകള്‍ പൂര്‍ണ്ണമായും 458 വീടുകള്‍ ഭാഗികമായും നഷ്ടമുണ്ടായി.
കേന്ദ്രത്തിന് സമര്‍പ്പിച്ച പുനരധിവാസ പാക്കേജനുസരിച്ച് കൂടുതല്‍ ധനസഹായം ലഭിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാന്‍ മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായും റവന്യൂഭവനനിര്‍മ്മാണദുരന്ത നിവാരണം, ആരോഗ്യം, വൈദ്യുതി, സാമൂഹ്യനീതി, പൊതുമരാമത്ത്, ജലവിഭവം വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഉന്നതതല ഔദ്യോഗിക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

chandrika: