ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് വെങ്കല നേട്ടത്തോടെ തുടക്കം. പുരുഷന്മാരുടെ അമ്പതു മീറ്റര്‍ പിസ്റ്റളില്‍ ഓംപ്രകാശ് മിതര്‍വാളാണ് വെങ്കലം നേടിയത്. ഗെയിംസില്‍ ഓം പ്രകാശിന്റെ രണ്ടാമത്തെ വെങ്കലമാണിത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഓം പ്രകാശ് വെങ്കലം നേടിയിരുന്നു.
അതേസമയം, ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ ജിതു റോയിക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിതു സ്വര്‍ണം നേടിയിരുന്നു.
വനിതകളുടെ ബോക്‌സിങില്‍ ഇന്ത്യയുടെ മേരികോം മെഡലുറപ്പിച്ചു. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരികോം മത്സരിക്കുന്നത്. ശ്രീലങ്കയുടെ അനുഷാ ദില്‍രുക്ഷി കോടിത്വാകിനെ 5-0ന് പരാജയപ്പെടുത്തിയാണ് മേരികോം ഫൈനലില്‍ കടന്നത്. അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ മേരികോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. 75 കിലോഗ്രാം പുരുഷവിഭാഗത്തില്‍ വികാസ് കൃഷ്ണ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.