X

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് പിഞ്ചു കുഞ്ഞടക്കമുള്ള ഇന്ത്യന്‍ കുടുംബത്തെ കാണാതായി

മസ്‌കത്ത്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യന്‍ കുടുംബത്തിലെ ആറ് പേര്‍ ഒലിച്ചു പോയി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ വാദി ബനീ ഖാലിദില്‍ വെച്ച് മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒലിച്ചു പോവുകയായിരുന്നു.

ഒമാനില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സര്‍ദാര്‍ ഫസല്‍ അഹ്മദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒഴുകിപ്പോവുന്നതിനിടയില്‍ ഒരു മരത്തില്‍ പിടിത്തം കിട്ടിയ സര്‍ദാര്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യ അര്‍ഷി, പിതാവ് ഖാന്‍, മാതാവ് ശബാന, 4 വയസ്സുകാരി മകള്‍ സിദ്ര, 2 വയസ്സുകാരന്‍ മകന്‍ സൈദ്, 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവര്‍ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയി.

ഇവരെ കുറിച്ച് ഇത് വരെ ഒരു വിവരവും ഇല്ല. ഇന്നലെയും ഇന്നുമായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒഴുക്കില്‍ പെട്ട ആറ് പേരും മരിച്ചിട്ടുണ്ടാവും എന്നാണ് അധികൃതരുടെ നിഗമനം. പുതുതായി ജനിച്ച കുട്ടിയെ കാണാന്‍ വേണ്ടിയാണ് സര്‍ദാറിന്റെ മാതാപിതാക്കള്‍ നാട്ടില്‍ നിന്നും ഒമാനിലേക്ക് വന്നത്. ഇന്ന് നാട്ടിലേക്ക് തിരിച്ചു പോവാനിരിക്കെയാണ് ഈ ദാരുണ സംഭവം.

chandrika: