ഗുവാഹതി: 2022 ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഒന്നാം പകുതിയില്‍ നേടിയ ലീഡ് ഇന്ത്യയെ അവസാന നിമിഷം ഇരട്ട ഗോള്‍ തിരിച്ചടിച്ച് ഒമാന്‍ വീഴ്ത്തി. സുനില്‍ ഛേത്രിയുടെ ഗോളില്‍ ലീഡ് നേടിയ ഇന്ത്യയെ 82-ാം മിനിറ്റില്‍ റാബിയ അലാവി അല്‍ മന്ദറാണ് സമനില ഗോളിലൂടെ തളച്ചത്. മന്ദാര്‍ തന്നെ 89-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി ഒമാനെ വിജയത്തിലെത്തിച്ചു.

24-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യ്ക്ക് ലീഡ് സമ്മാനിച്ച ഗോള്‍ നേടിയത്. ബോക്‌സിന് ലംബമായി പാഞ്ഞ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഒരു ക്രോസ് ഛേത്രി ഞെട്ടിക്കുന്നൊരു ഷോട്ടിലൂടെ വലയിലേക്ക് പായിക്കുകയായിരുന്നു. നിറഞ്ഞുകവിഞ്ഞ ഒമാന്‍ പ്രതിരോധത്തിന്റെ ഇടയിലൂടെയാണ് ഛേത്രി വെടിയുണ്ട പായിച്ചത്. ഇന്ത്യ്ക്കുവേണ്ടി 113-ാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഛേത്രിയുടെ എഴുപത്തിമൂന്നാം ഗോളാണിത്.