കൊച്ചി: ഓണത്തിന് സപ്‌ളൈക്കോ വിതരണം ചെയ്ത ഭക്ഷ്യസാധന കിറ്റില്‍ ഉള്‍പ്പെട്ട പപ്പടത്തിനും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍. റാന്നിയിലെ സിഎഫ്ആര്‍ഡി നടത്തിയ പരിശോധനയിലാണ് ഇങ്ങനെ കണ്ടെത്തിയത്. പപ്പടത്തില്‍ വേണ്ട ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനമായിരുന്നു ഇത് കിറ്റിലെ പപ്പടത്തില്‍16.06 ശതമാനമായിരുന്നു. പി.എച്ച് മൂല്യം പരമാവധി 8.50 വേണ്ടയിടത്ത് ഓണ പപ്പടത്തിലുണ്ടായിരുന്നത് 9.20. സോഡിയം കാര്‍ബണേറ്റ് അളവിലും വ്യത്യാസമുണ്ടായി 2.3ന് പകരം 2.4 ആയിരുന്നു ഇതിന്റെ അളവ്.

ഇതോടെ ഭക്ഷണമായി ഉപയോഗിക്കാനാകാത്ത പപ്പടം തിരികെയെടുക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കുന്നതിനുളള വിഭാഗത്തിലെ അഡീഷണല്‍ ജനറല്‍ മാനേജര്‍ ഇതിനായി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വില്‍പന നടത്തിയതിന്റെയും വാങ്ങിയവയുടെയും കണക്കും നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

പപ്പടം നല്‍കിയ തമിഴ്‌നാട്ടിലെ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തേക്കും. മുമ്പ് കിറ്റിലെ പപ്പടം തമിഴ്‌നാട്ടില്‍ നിന്നുളളതാണെന്ന പേരില്‍ വിവാദമുണ്ടായിരുന്നു. ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഉഴലുന്ന കേരളത്തിലെ കമ്പനികള്‍ക്ക് നല്‍കാതെ തമിഴ്‌നാട്ടിലെ കമ്പനികള്‍ക്ക് നല്‍കിയതാണ് വിവാദമുണ്ടായത്.

ആദ്യം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കിറ്റിലെ വിഭവങ്ങളുടെ ഗുണനിലവാരവും തൂക്കവും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നതായി കണ്ടെത്തി. നിര്‍മ്മാണ തീയതിയും പാക്കിംഗ് തീയതിയും മറ്റും വ്യക്തമായിരുന്നില്ല. കിറ്റിലെ ശര്‍ക്കരയിലും വേണ്ടത്ര ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് ശര്‍ക്കര മാറ്റി പഞ്ചസാര കിറ്റില്‍ ഉള്‍പ്പെടുത്തി.