X

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് 2019ല്‍ അസാധ്യമെന്ന് ബിജെപി മുഖ്യമന്ത്രി

ചണ്ഡീഗഢ്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2019ല്‍ നടപ്പാക്കുക അസാധ്യമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതാണ് ഈ ആശയം നടപ്പാക്കുന്നതിനുള്ള പ്രധാന തടസം. ബിജെപി മുന്നോട്ടു വെച്ച ആശയം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സമവായം ഉണ്ടാകാത്ത സാഹചര്യത്തില്‍ 2019ല്‍ ഇതു നടപ്പാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ 2024-ല്‍ മാത്രമേ ഈ ആശയം പ്രാവര്‍ത്തികമാകുന്നതിനെപ്പറ്റി ചിന്തിക്കാനാവൂ.
ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനു ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഉണ്ടാകില്ല. ഹരിയാന വിധാന്‍ സഭയുടെ കാലാവധി 2019 ഒക്ടോബര്‍ വരെയുണ്ട്. കാലാവധി അവസാനിക്കുന്ന മുറയ്ക്കു മാത്രമേ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കൂ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍നിലപാടില്‍ നിന്നു മലക്കം മറിഞ്ഞാണ് ഖട്ടറിന്റെ ഇന്നലത്തെ അഭിപ്രായം. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പും നടത്താമെന്ന് ഖട്ടര്‍ വ്യക്തമാക്കിയിരുന്നു.

chandrika: