കൊച്ചി: മീന്‍ വില്‍പന നടത്തിയതിന് ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശി സിയാദിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്, ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടയില്‍ വിശ്വനാഥന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമര്‍ശം, മര്യാദ ലംഘനം തുടങ്ങിയ കുറ്റങ്ങളും ഐ.ടി ആക്ടിനു പുറമെ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
സിനിമയുടെ പ്രമോഷനുവേണ്ടി സെറ്റിട്ട് പെണ്‍കുട്ടിയെ കൊണ്ട് മീന്‍ വില്‍പന നടത്തിക്കുകയായിരുന്നുവെന്നും ഹനാന്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ ജീവിക്കാന്‍ വേണ്ടിയാണ് മീന്‍ വില്‍പന നടത്തിയതെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥനയുമായി ഹനാന്‍ തന്നെ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും മീന്‍ വില്‍പന നടത്തിയുമായാണ് താന്‍ ഉപജീവനം നടത്തുന്നതെന്നായിരുന്നു ഹനാന്‍ പറഞ്ഞത്.