X

കാലം തെറ്റിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടും കേരള മോഡല്‍ ആശങ്കകളും

കെ.പി.എ മജീദ്‌

അച്യുതമേനോന്‍ സര്‍ക്കാറിന്റെ ഒരു പതിറ്റാണ്ടിന്റെ അടയാളപ്പെടുത്തലാണ് വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ കേരള മോഡല്‍. 1980 ന് മുമ്പ്തന്നെ കൊച്ചു മലയാളക്കരയെ അങ്ങനെ രേഖപ്പെടുത്തുമ്പോള്‍ ആ സര്‍ക്കാറിന്റെ ഭാഗമായിരുന്ന മുസ്‌ലിംലീഗിന്റെകൂടി നേട്ടമാണത്. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ ആധികാരികമായി ഇതിനെ ബ്രാന്റു ചെയ്യുമ്പോള്‍ എങ്ങനെയാണ് ഈ നേട്ടത്തിലേക്ക് നടന്നടുത്തതെന്നും എന്തുകൊണ്ട് ആ ഗതിവേഗം പിന്നീട് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വ്യാപിപ്പിക്കാനായില്ലെന്നുമുള്ള ചോദ്യം ബാക്കിയാണ്. രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പഞ്ചവല്‍സര ഇടപെടല്‍ ആരോഗ്യരംഗത്തെ തുടര്‍ച്ചയുടെ ചെറു ചലനം സാധ്യമാക്കിയെന്നത് ശരിവെക്കുമ്പോഴും അര വ്യാഴവട്ടമായി കേരളം എന്തുകൊണ്ട് പിന്നാക്കം പോകുന്നുവെന്ന ചര്‍ച്ചക്കും പ്രസക്തിയുണ്ട്.

വിദ്യാഭ്യസരംഗത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സ്ഥിതിക്ക് കേരള മോഡലിന്റെ കണക്കും കുതിപ്പും കിതപ്പുംകൂടി പരിശോധിക്കപ്പെടേണ്ടതാണ്. എല്ലാ കുട്ടികള്‍ക്കും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉളവാകുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസക്രമം പ്രാപ്യമാക്കാന്‍ പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള വിദ്യാഭ്യാസത്തെ കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2017 ഒക്‌ടോബര്‍ 10നാണ് ഖാദര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത്. 2019 ജനുവരിയില്‍ ആദ്യ ഘട്ടവും ഇപ്പോള്‍ രണ്ടാം ഘട്ടവുമായി പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. ഇതിനെ കൊള്ളാനും തള്ളാനും സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട്. അതുകൊണ്ട്തന്നെ സമൂഹത്തിനെയാകെ ബാധിക്കുന്നൊരു സുപ്രധാന വിഷയമായി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് മാറിക്കഴിഞ്ഞു. ഇതില്‍ ആശങ്ക ഉയര്‍ത്തുന്ന പല നിര്‍ദേശങ്ങളുമുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സ്‌കൂള്‍ സമയം രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒന്നു വരെയാക്കണമെന്നും തുടര്‍ന്ന് നാലു മണി വരെ പാഠ്യേതര പഠനം നടപ്പാക്കണമെന്നുമുള്ള കമ്മിറ്റിയുടെ ശുപാര്‍ശ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നതാണെന്നാണ് പ്രധാന ആക്ഷേപം. 2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് (കെ.സി.എഫ്) സമയമാറ്റം മുന്നോട്ടുവെച്ചപ്പോള്‍ തന്നെ അതിന്റെ അപ്രായോഗികത വ്യക്തമാക്കപ്പെട്ടതാണ്. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് അന്നുപേക്ഷിച്ച അതേ വാദഗതികളാണ് ഖാദര്‍കമ്മിറ്റി കോപ്പിയടിച്ചത്. കെ.സി.എഫ് 2007 ചട്ടക്കൂടില്‍ പറയുന്നത്, പഠനം രാവിലെ ആരംഭിക്കുന്നതാണ് ഉചിതം. രാവിലെയുള്ള സമയം പഠനത്തിന് ഏറ്റവും ഉചിതമാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട് (പേജ് 100) എന്നാണ്. ഇതുതന്നെയാണ് ശാസ്ത്രീയ പിന്‍ബലവുമില്ലാതെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പതിനെട്ടാം പേജില്‍ 33-ാമതായി പറയുന്നത്: ‘കുട്ടികള്‍ക്ക് പ്രായത്തിനനുഗുണമായ വിദ്യാഭ്യാസം ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകള്‍ക്കനുഗുണമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങിനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാകും…’ എന്നാല്‍, ഏറെ പഠന ഗവേഷണങ്ങള്‍ക്ക് ശേഷം തയ്യാറാക്കിയ 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ (എന്‍.സിഎഫ്) പറയുന്നതിന് നേര്‍വിപരീതമാണ് മേല്‍ പറഞ്ഞ രണ്ടു നിരീക്ഷണങ്ങളും: ‘സ്‌കൂള്‍ സമയം ഒരു വിശേഷ വിഭവമാണ്, അയവുള്ള രീതിയില്‍ അത് ഉപയോഗിക്കണം, സ്‌കൂള്‍ പ്രവര്‍ത്തന കലണ്ടറും സ്‌കൂള്‍ സമയവും പ്രാദേശികമായി നിശ്ചയിക്കാം, വിദ്യാലയ പ്രവൃത്തിദിവസത്തിന്റെ സമയ ക്രമം സ്‌കൂള്‍ തലത്തില്‍ ഗ്രാമപഞ്ചായത്തുകളുമായി ചര്‍ച്ച ചെയ്തു നിര്‍ണയിക്കാം, അപ്പോള്‍ സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് എത്ര ദൂരം യാത്ര ചെയ്യേണ്ടിവരുമെന്ന കാര്യംകൂടി പരിഗണിക്കണം, ഇതുവഴി മാത്രമെ വിദ്യാലയത്തില്‍ കുട്ടിയുടെ പങ്കാളിത്തം ഉറപ്പ്‌വരുത്താനാകൂ’ എന്നും എന്‍. സി.എഫ് 2005 വ്യക്തമാക്കുന്നു. എന്നിട്ടും മുമ്പ് മത പഠന സംരക്ഷണ പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിച്ച പഴയ സമയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഇറക്കുമതി ചെയ്യുകയാണ്.

ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കിയത് ക്രിസ്തീയ വിഭാഗത്തിന്റെ പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ച, ഞായര്‍ അവധിക്ക് ശേഷം ചൊവ്വയും ബുധനും പൂജാ അവധി വരുന്നത് കണക്കിലെടുത്ത് തിങ്കളാഴ്ച പൊതു അവധി വേണമെന്ന ഹിന്ദു മുന്നണിയുടെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ ഞായറിലെ ബലിപെരുന്നാളിന് പിറ്റേന്ന് ഒരു ദിനമെങ്കിലും അവധി നല്‍കണമെന്ന എം.എല്‍.എമാരുടെയും മുസ്‌ലിം സംഘടനകളുടെയും ആവശ്യത്തോട് മുഖം തിരിച്ചതും സമീപകാല ഉദാഹരണങ്ങളാണ്. സ്‌കൂള്‍ സമയ മാറ്റം മതാധ്യാപനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന സമസ്ത ഉള്‍പ്പെടെയുള്ളവരുടെ ആരോപണം ഗൗരവം അര്‍ഹിക്കുന്നതാണ്. ലക്ഷത്തിലേറെ മദ്രസാ അധ്യാപകരുടെ ജോലി, പത്തു ലക്ഷത്തിലേറെ വിദ്യാര്‍ഥികളുടെ ധാര്‍മിക പഠനം തടസ്സപ്പെടല്‍ എന്നിവ തള്ളിക്കളയേണ്ടതായി ചിലര്‍ക്ക് തോന്നാം. എന്നാല്‍, നൂറ്റാണ്ടുകളായി മത പഠനം വ്യവസ്ഥാപിതമായി നടക്കുന്നതും മതപാഠശാലകള്‍ അപ്‌ഗ്രേഡ് ചെയ്ത് ഒട്ടേറെ പള്ളിക്കൂടങ്ങള്‍ ഉയര്‍ന്നുവന്നതുമായ നാട്ടില്‍ മുസ്‌ലിം വിരോധത്തിന്റെ പേരില്‍ എടുത്ത് ചാടുമ്പോള്‍ പൊതു വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഒരു വിഭാഗത്തെ പുറംതള്ളുക എന്ന ലക്ഷ്യം ഉണ്ടെന്ന ആരോപണം നിസ്സാരമല്ല.

പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അവഗണിച്ച്, ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവെക്കുമ്പോള്‍ അതു കേരള മോഡലിന്റെ കടക്കല്‍ കത്തിവെക്കലാണെന്നതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യപ്പെടും. എട്ടു മണിക്ക് സ്‌കൂളിലെത്താന്‍ എത്ര മണിക്ക് കുട്ടികളും രക്ഷിതാക്കളും വീട്ടില്‍നിന്ന് പുറപ്പെടേണ്ടിവരേണ്ടിവരുമെന്നതോ അതിനുള്ള ഭൗതിക സൗകര്യം നിലവില്‍ കേരളത്തിലില്ലെന്നതോ അവിതര്‍ക്കിതമാണ്. മലയോര മേഖലകളിലുള്ളവര്‍, ഉള്‍നാടന്‍ ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലുമുള്ളവര്‍ തുടങ്ങിയവരെ അപ്പാടെ പുറംതള്ളുമ്പോള്‍ സമഗ്രമായി വിദ്യാഭ്യാസം നല്‍കി കേരളം ആര്‍ജ്ജിച്ച മോഡലാണ് റദ്ദാക്കപ്പെടുക. കുട്ടികളുടെ കൊഴിഞ്ഞു പോക്കിന്റെ തോതും ഇതു വര്‍ധിപ്പിക്കുമെന്നത് വസ്തുതയാണ്.

ഒരു സ്‌കൂളിലെ പരമാവധി കുട്ടികള്‍ ലോവര്‍ പ്രൈമറിയില്‍ 250 ഉം യു.പിയില്‍ 300 ഉം ഹൈസ്‌കൂളില്‍ 500 ഉം ഹയര്‍ സെക്കന്ററിയില്‍ 450 ഉം മാത്രമേ പാടുള്ളൂവെന്ന നിര്‍ദേശം ഒരു വിഭാഗത്തെ പ്രാന്തവത്കരിക്കുമെന്ന് ഉറപ്പാണ്. ദക്ഷിണ കേരളത്തിലെയും മലബാറിലെയും പ്ലസ്‌വണ്‍, കോളജ് പഠന സൗകര്യ അന്തരം ഇപ്പോള്‍ തന്നെ കാണുന്നതാണ്. സ്ഥല പരിമിതിയും ക്ലാസിലെ വിദ്യാര്‍ഥികളുടെ എണ്ണക്കൂടുതലും കൊണ്ട് മലബാര്‍ വിദ്യാഭ്യസ മേഖല കഷ്ടപ്പെടുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോള്‍ പഠനം പൗരാവകാശമാക്കിയ നാട്ടില്‍ സ്‌കൂളുകളില്ലാതെ കുട്ടികള്‍ വീട്ടിലിരിക്കേണ്ടി വരുമോയെന്നെങ്കിലും പ്രാഥമികമായി കമ്മിറ്റി പരിശോധിക്കേണ്ടതായിരുന്നു. അധ്യാപകരിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അതിലും വലുതാണ്. രാവിലെ പത്തു മുതല്‍ വൈകിട്ട് നാലുവരെ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് രാവിലെ എട്ടു മുതല്‍ ഒന്നുവരെ പാഠങ്ങള്‍ പഠിപ്പിക്കലും തുടര്‍ന്ന് വൈകിട്ട് നാലുവരെ പാഠ്യതര വിഷയങ്ങള്‍ പഠിപ്പിക്കലുമായി രണ്ടു മണിക്കൂര്‍ അധിക ജോലി ചെയ്യിക്കുന്ന നിര്‍ദേശം അത്ര നിസ്സാരമല്ല. രാജ്യത്തെ നിയമവ്യവസ്ഥയും ജോലി ചെയ്യിക്കേണ്ട സമയവുമെല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ള നാടാണിത്. എയ്ഡഡ് അധ്യാപക നിയമനത്തിനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. മാനേജ്‌മെന്റുകള്‍ക്കും സര്‍ക്കാറിനും ഇതില്‍ എത്രത്തോളം പങ്കാളിത്തമുണ്ടാവുമെന്ന് വ്യക്തമല്ല. എന്നാല്‍, വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളില്‍ മാത്രമേ മാനേജര്‍ നിയമനം നടത്താന്‍ പാടുള്ളൂവെന്ന കമീഷന്റെ നിര്‍ദേശം ആശയക്കുഴപ്പം വര്‍ധിപ്പിക്കാനും നിയമ യുദ്ധത്തിനുമെല്ലാം വഴിവെക്കും.

കഴിഞ്ഞ മൂന്ന് എല്‍.ഡി.എഫ് മന്ത്രിസഭാ കാലത്തും സ്‌കൂള്‍ സമയമാറ്റ ശ്രമം നടക്കുകയും പ്രതിഷേധത്തെതുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തതാണ്. അതുകൊണ്ട് പ്രത്യേകിച്ചൊരു നഷ്ടവും കേരള വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചില്ലെന്നതുമാത്രം മതി സമയം തെറ്റിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നെല്ലും പതിരും തിരിച്ചറിയാന്‍. അടിസ്ഥാന വിഭാഗത്തെ ഉള്‍കൊള്ളുന്നതും തീര്‍ച്ചയായും അവര്‍ പരിഗണിക്കപ്പെടുന്നതുമായ വിദ്യാഭ്യാസ നയമാണ് നടപ്പാക്കേണ്ടത്. ആദിവാസികള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ആകര്‍ഷിക്കുന്നതും അവരെ ഉദ്ധരിക്കുന്നതുമായ നയസമീപനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് കേരള മോഡല്‍. യൂണിവേഴ്‌സിറ്റികളില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ന്യൂനപക്ഷത്തിന്റെ സാംസ്‌കാരിക അടിത്തറ തകര്‍ത്തും വിപ്ലവ ഖ്യാതി നേടുന്നതിലൊരു ദുഷ്ടലാക്കുണ്ട്. എ. കെ.ജി സെന്ററിലെ രഹസ്യ അജണ്ട നടപ്പാക്കാന്‍ ഏതെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പുകമറ സൃഷ്ടിക്കുന്നത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിന് കഴിയും.

web desk 3: