X

ഓസില്‍ ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു

ലണ്ടന്‍ : ജര്‍മ്മന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ മെസുദ് ഓസില്‍ ഇംഗ്ലീഷ് ക്ലബ് ആര്‍സെനല്‍ വിട്ട് ബാര്‍സയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് താരത്തിന്റെ ഏജന്റ് ബാര്‍സലോണ അധികൃതരുമായി ചര്‍ച്ച നടത്തിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 2013ല്‍ അന്നത്തെ ക്ലബ് റെക്കോര്‍ഡു തുകയക്ക് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്നും ഇംഗ്ലീഷ് ക്ലബ് ആര്‍സെനലെത്തിയ താരം ജനുവരിയില്‍ ബാര്‍സയിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹം.

ഗണ്ണേഴ്‌സുമായി നടപ്പു സീസണ്‍ അവസാനം വരെ കരാറുള്ള ഓസില്‍ അതു പുതുക്കാന്‍ തയ്യാറാവത്തതാണ് പരിശീലകന്‍ ആര്‍സെന്‍ വെങറിനെ താരത്തെ വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. 20 ദശലക്ഷം യൂറോ ആണ് താരത്തിന്റെ ഏകദേശ വിലയായി ആര്‍സെനല്‍ നിശ്ചയിച്ചിരിക്കുന്നത്. ബ്രസീലിയന്‍ താരം നെയ്യ്മറിന് പകരം പൗളിഞ്ഞോ, ഡെബലേ എന്നീവരെ ക്ലബിലെത്തിച്ചെങ്കിലും നെയ്യ്മറിന്റെ വിടവു നികത്താന്‍ ബാര്‍സക്ക് ഇപ്പോഴുമായിട്ടില്ല. ഓസില്‍ വരുന്നതോടെ ആക്രമണ നിരക്ക് വീണ്ടും മൂര്‍ച്ച കൂട്ടാനുള്ള ഒരുക്കത്തിലാണ് ബാര്‍സ.

ആര്‍സെനല്‍ കുപ്പായത്തില്‍ 126 മത്സരങ്ങളില്‍ നിന്ന് 24 ഗോളും 45 അസിസ്റ്റും നേടിയ താരം എട്ടു വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷം ആര്‍സെനലിന് 2013-14 സീസണില്‍ എഫ്.എ കപ്പ് നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തൊട്ടടുത്ത സീസണിലും എഫ്.എ കപ്പ് ക്ലബ് നിലനിര്‍ത്തിയപ്പോള്‍ ഓസിലിന്റെ പ്രകടനം വിലമതിക്കാത്തതായിരുന്നു.

ബ്രസീല്‍ ലോകകപ്പില്‍ ജര്‍മ്മനി ചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ മധ്യനിരയില്‍ ഓസിലും ടോണി ക്രൂസുമായിരുന്നു കടിഞ്ഞാണ്‍ വലിച്ചിരുന്നത്. 88 രാജ്യാന്തര കളികളില്‍ നിന്ന് ജര്‍മ്മനിക്കുവേണ്ടി 22 ഗോളുകളാണ് താരം നേടിയത്.

റയലിനു വേണ്ടി നാലു സീസണുകളില്‍ ബൂട്ടുകെട്ടിയ താരം ലാലീഗ, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ കിരീട വിജയങ്ങളില്‍ റയലിനൊപ്പം പങ്കാളിയായിട്ടുണ്ട്. റയല്‍ ആരാധകരുടെ മനസ്സില്‍ ഇന്നും സ്ഥാനമുള്ള ഓസില്‍ ബാര്‍സക്കായി ബൂട്ടുകെടുന്നത് സഹിക്കാവുന്നതിലും അപ്പുറത്താവും.

chandrika: