X

പാക്കിസ്താന്‍ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

Pakistan players celebrate after their 2022 ICC Twenty20 World Cup cricket tournament match between Pakistan and South Africa at the Sydney Cricket Ground (SCG) on November 3, 2022. (Photo by DAVID GRAY / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

ചെന്നൈ:സമ്മര്‍ദ്ദപ്പുകയിലാണ് പാക്കിസ്താന്‍. ജയം എന്ന ഒരേ ഒരു ലക്ഷ്യത്തില്‍ മാത്രമാണ് അവര്‍ക്കിനി ലോകകപ്പില്‍ സാധ്യത. മുന്നില്‍ നാലേ നാല് മല്‍സരങ്ങള്‍. നാലിലും വിജയിക്കുക. സെമി ഫൈനല്‍ വാതിലുകള്‍ തുറക്കുന്നതിനായി കാത്തിരിക്കുക. പക്ഷേ ഇന്ന് ചെപ്പോക്കില്‍ പ്രതിയോഗികള്‍ ദക്ഷിണാഫ്രിക്ക എന്ന അതിശക്തരാണ്. അഞ്ചില്‍ നാല് മല്‍സരങ്ങളും തകര്‍പ്പന്‍ ഫോമില്‍ വിജയിച്ചവര്‍. പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് പിറകില്‍ രണ്ടാമത് നില്‍ക്കുന്നവര്‍. ഈ ലോകകപ്പില്‍ മാത്രമല്ല ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍ ഇതിനകം സമ്പാദിച്ചവര്‍. ഒരു ഏകദിന ഇന്നിംഗ്‌സില്‍ മൂന്ന് സെഞ്ച്വറികള്‍ സ്വന്തമാക്കി കരുത്തരായി കളിക്കുന്നവര്‍. അതിവേഗ ബാറ്റിംഗിന്റെ പുത്തന്‍ രൂപമായ ഹെന്‍ട്രിച് കാള്‍സണെ പോലുള്ളവരുടെ സംഘം. അവരെ തോല്‍പ്പിക്കുക എന്നത് നിലവിലെ പ്രതിസന്ധി മുഖത്ത് പാക്കിസ്താന് കനത്ത വെല്ലുവിളിയാണ്.

ഇതിനകം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ രണ്ടില്‍ മാത്രം ജയിച്ച് നാല് പോയിന്റ് സമ്പാദ്യത്തില്‍ ടേബിളില്‍ ഓസ്‌ട്രേലിയക്കും ലങ്കക്കും താഴെ ആറാം സ്ഥാനത്താണ് പാക്കിസ്താന്‍. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമെല്ലാം പ്രശ്‌നം. ടീമിലും നാട്ടിലും കലാപം. നായകന്‍ ബബര്‍ അസമിന് ആക്രമണ വാസന ഇല്ലെന്നതാണ് സീനിയേഴ്‌സിന്റെ പരാതി. എല്ലാവര്‍ക്ക് മുന്നിലും തല കുനിക്കുന്ന ഭീരുവായാണ് മുന്‍ കളിക്കാര്‍ ബബറിനെ കുറ്റപ്പെടുത്തുന്നത്. അതിനിടെ പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്നറിയിപ്പും ഇന്നലെയെത്തി. സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കാന്‍ കഴിയാത്തപക്ഷം ബബറിന്റെ കസേരയുണ്ടാവില്ല എന്നതാണ് പി.സി.ബി വകയുള്ള താക്കീത്. നായകനും സെലക്ഷന്‍ കമ്മിറ്റി തലവന്‍ ഇന്‍സസാമുല്‍ ഹഖിനും എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടും ലോകകപ്പില്‍ ടീമിന്റെ പ്രകടനം ആശാവഹമല്ല എന്നാണ് പി.സി.ബി വിലയിരുത്തല്‍. ബൗളിംഗാണ് ബബറിന് തലവേദന. ഷഹിന്‍ഷാ അഫ്രീദി എന്ന ഏക സീമറാണ് നായകന്റെ വജ്രായുധം. ഇടം കൈയ്യന്‍ സീമറാവട്ടെ പ്രതീക്ഷിച്ച കരുത്തില്‍ വരുന്നുമില്ല. അഞ്ച് വിക്കറ്റ് നേട്ടം ഒരു മല്‍സരത്തിലുണ്ടായി. അപ്പോഴും പ്രതിയോഗികളെ വെല്ലുവിളിക്കുന്ന പ്രഹര ശേഷിയില്‍ പന്ത് എറിയാനാവുന്നില്ല. നസീം ഷാ എന്ന മറ്റൊരു അതിവേഗക്കാരന് പരുക്കേറ്റതിനെ തുടര്‍ന്ന് അവസരം ലഭിച്ച ഹസന്‍ അലിയും ഹാരിസ് റൗഫുമെല്ലാം നിറം മങ്ങിയിരിക്കുന്നു. പാക്കിസ്താന്‍ ബൗളിംഗ് കരുത്തിന് എന്നും പിന്‍ബലമാവുന്ന സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റും ദുര്‍ബലം. ഉപനായകന്‍ ഷദാബ് ഖാനും ഉസാമ മിറും മുഹമ്മദ് നവാസുമെല്ലാം ശരാശരിയില്‍. ബാറ്റിംഗില്‍ ബബര്‍ അവസാന മല്‍സരത്തില്‍ അര്‍ധശതകം പിന്നിട്ടെങ്കില്‍ വിശ്വസ്ത തുടക്കം നല്‍കാന്‍ അബ്ദുല്ല ഷഫീഖിനും ഇമാമുല്‍ഹഖിനുമാവുന്നില്ല. മുഹമ്മദ് റിസ്‌വാനാണ് വിശ്വസ്തന്‍. പക്ഷേ അഫ്ഗാനിസ്താനെതിരായ മല്‍സരത്തില്‍ വിക്കറ്റ് കീപ്പറും നിരാശപ്പെടുത്തി. മധ്യനിരയും വാലറ്റവുമെല്ലാം പ്രതിസന്ധി ഘട്ടത്തില്‍ പതറി നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക കരുത്തിന്റെ വിസ്മയമാണ് മൈതാനങ്ങളില്‍ പ്രകടിപ്പിക്കുന്നത്. ഈ ലോകകപ്പില്‍ മൂന്ന് സെഞ്ച്വറികളാണ് ഇതിനകം ക്വിന്റണ്‍ ഡികോക്ക് എന്ന ഓപ്പണര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഐദന്‍ മാര്‍ക്ക്‌റാം അതിവേഗം സ്‌ക്കോര്‍ ചെയ്യുന്നു. ഏത് ബൗളിംഗിനെയും നിഷ്പ്രയാസം ഗ്യാലറിയിലെത്തിക്കുന്ന വിസ്മയമാണ് ക്ലാസണ്‍. വാന്‍ഡര്‍ഡര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവരും നന്നായി ബാറ്റ് ചെയ്യുന്നവര്‍. ബൗളിംഗില്‍ കാഗിസോ റബാദയും ലുന്‍ഗി എന്‍ഗിടിയും മാര്‍കോ ജാന്‍സണും ലിസാര്‍ഡ് വില്ല്യംസും കേശവ് മഹാരാജുമെല്ലാം…. മല്‍സരത്തില്‍ വ്യക്തമായ സാധ്യത ദക്ഷിണാഫ്രിക്കക്കാണ്. ചെപ്പോക്ക് നല്‍കുന്ന സ്പിന്‍ പിന്തുണ ഉപയോഗപ്പെടുത്തി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി പാക് സ്പിന്നര്‍മാര്‍ ഫോമിലെത്തിയാല്‍ പാക്കിസ്താന് നേരിയ പ്രതീക്ഷ മാത്രം. കളി ഉച്ചക്ക് രണ്ട് മുതല്‍.

webdesk14: