നെടുമ്പാശേരി: ദുബൈയില്‍ നിന്നും കൊച്ചിയിലെത്തിയ മലയാളി യുവാവിന്റെ ബാഗേജില്‍ നിന്നും പാക്കിസ്താന്‍ സ്വദേശിയുടെ പാസ്‌പോര്‍ട്ട് കണ്ടെത്തി. ഇന്നലെ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ അബുദാബി വഴിയുളള വിമാനത്തില്‍ ദുബൈയില്‍ നിന്നുമെത്തിയ പാലക്കാട് സ്വദേശിയായ ഇരുപത്തിയാറുകാരന്റെ ബാഗേജിനുള്ളില്‍ നിന്നാണ് പാക്കിസ്താന്‍ സ്വദേശി അമീറിന്റെ പേരിലുള്ള പാസ്‌പോര്‍ട്ട് കണ്ടെത്തിയത്.

വിമാനത്താവളത്തിലെത്തിയപ്പോള്‍ കീറിയ നിലയില്‍ ലഭിച്ച ഇയാളുടെ ബാഗേജില്‍ നിന്നും വിമാന കമ്പനി ജീവനക്കാരുടെ പരിശോധനയ്ക്കിടെയാണ് ഈ പാസ്‌പോര്‍ട്ട് കണ്ടെത്തിയത്. ഉടന്‍ അവര്‍ എമിഗ്രേഷന്‍ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗ ഉന്നത ഉദ്യോഗസ്ഥരെത്തി മലയാളി യുവാവിനെ ചോദ്യം ചെയ്തു.

മണിക്കൂറുകളായി ചോദ്യം ചെയ്യല്‍ തുടരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്നും, രോഗബാധിതയായ അടുത്ത ബന്ധുവിനെ കാണാനാണ് നാട്ടിലെത്തിയതെന്നും, പാക്കിസ്താന്‍ പാസ്‌പോര്‍ട്ട് ബാഗേജില്‍ വന്നതെങ്ങനെയെന്നറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.