X

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പന്നിത്തടം സ്വദേശികളായ അന്‍ഷാസ് (37) മുഹമ്മദ് ഷെരീഫ്(31) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് സ്‌ക്വാഡ് വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിയിരുന്ന എട്ട് കിലോ ജൈവകഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്.

പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വേണുഗോപാലകുറുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികള്‍ കോയമ്പത്തൂര്‍ ഭാഗത്തേക്ക് ആഴ്ച്ചയില്‍ രണ്ട് തവണ കഞ്ചാവ് എടുക്കാന്‍ പോവുന്നതായാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം ബൈക്കില്‍ കാര്‍ പിന്‍തുടര്‍ന്ന് പ്രതികളെ ടോള്‍ പ്ലാസക്ക് സമീപം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തതില്‍ ഇടുക്കി രാജാക്കാട് സ്വദേശിയുടെ നേതൃത്വത്തില്‍ നീല ചടയന്‍ ഇനത്തില്‍ പെട്ട കഞ്ചാവ് ചെടികള്‍ വാളയാര്‍ ചുരത്തിന്റെ തമിഴ്‌നാട് ഭാഗമായ ചാവടി കേന്ദ്രീകരിച്ച് വന്‍തോതില്‍ കൃഷി ചെയ്ത് വരുന്നുണ്ടെന്നും കിലോക്ക് 40000 രൂപാ നിരക്കില്‍ വാങ്ങി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റി വിടുന്നതായും മൊഴി നല്‍കിയിട്ടുണ്ട്.

ഗള്‍ഫില്‍ ബേക്കറി നടത്തുന്ന പ്രതികള്‍ ഓരോ രണ്ട് മാസം കൂടുമ്പോഴും നാട്ടില്‍ വരും. നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്ന ആളുകളുടെ കൈയ്യില്‍ അച്ചാറെന്ന വ്യാജേന കഞ്ചാവ് നിറച്ച് കടത്തി വിടുകയാണ് പതിവെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.

ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഈ മാസം ഇതു വരെ 100 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. പരിശോധനയില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.രാകേഷ് ,എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി.രാജിവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രതാപ സിംഹന്‍, ബിനു, ജോണ്‍സണ്‍, ഷിനോജ്, വിശാഖ്, ഉണ്ണികൃഷ്ണന്‍, സെല്‍വകുമാര്‍ പ്ലാക്കല്‍, പുഷ്‌കരന്‍ എന്നിവര്‍ പങ്കെടുത്തു.

chandrika: