ബ്യൂണസ് അയേഴ്‌സ്: ജറൂസലമില്‍ നടത്താന്‍ നിശ്ചയിച്ച ഇസ്രാഈലുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം റദ്ദാക്കാന്‍ ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(പി.എഫ്.) അര്‍ജന്റീനയോട് ആവശ്യപ്പെട്ടു. ജറൂസലമിനെ വേദിയായി തെരഞ്ഞെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനും ഫിഫക്കും അയച്ച കത്തില്‍ പി.എഫ്.എ പ്രസിഡന്റ് ജിബ്രില്‍ റജൗബ് പറഞ്ഞു. ജൂണ്‍ ഒമ്പതിന് നടക്കുന്ന സൗഹൃദ മത്സരത്തിന് ജറൂസലമിലെ ടെഡ്ഡി സ്റ്റേഡിയത്തെ വേദിയായി തെരഞ്ഞെടുത്ത് മത്സരത്തെ ഇസ്രാഈല്‍ രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

1948ല്‍ ഇസ്രാഈല്‍ സേന പിടിച്ചെടുത്ത ഫലസ്തീന്‍ ഗ്രാമത്തിലാണ് ഇസ്രാഈല്‍ ടെഡ്ഡി സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ജറൂസലം കണക്കാക്കപ്പെടുന്നത്. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അന്താരാഷ്ട്രതലത്തില്‍ കനത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇസ്രാഈലിലെ യു.എസ് എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയും അമേരിക്ക ഫലസ്തീനികളെ പ്രകോപിതരാക്കുകയുണ്ടായി.