X
    Categories: CultureMoreViews

ഇസ്രായേലിലെ യു.എസ് അംബാസഡറെ ‘നായിന്റെ മോന്‍’ എന്ന് വിളിച്ച് ഫലസ്തീന്‍ പ്രസിഡന്റ്

റാമല്ല: ഇസ്രായേലിലെ യു.എസ് അംബാസഡര്‍ ഡേവിഡ് ഫ്രെഡ്മാനെ ‘നായിന്റെ മോന്‍’ എന്ന് വിളിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ‘യു.എസ് ഉദ്യോഗസ്ഥര്‍ പ്രധാനമായും യു.എസ് അംബാസഡര്‍ പറയുന്നത് കുടിയേറ്റക്കാര്‍ കെട്ടിടം പണിയുന്നത് അവരുടെ ഭൂമിയിലാണെന്നാണ്. നായിന്റെ മോന്‍, അവര്‍ അവരുടെ ഭൂമിയിലാണോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവനും അവന്റെ കുടുംബക്കാരും കുടിയേറ്റക്കാരാണ്’-മഹ്മൂദ് അബ്ബാസ് പറഞ്ഞു.

ട്രംപ് വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന കാര്യത്തില്‍ താന്‍ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ പണയം വെക്കുന്ന ഒരു ചര്‍ച്ചക്കും തങ്ങള്‍ തയ്യാറല്ല. ഇപ്പോള്‍ ഗാസയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവര്‍ വീണ്ടുമൊരു കോണ്‍ഫറന്‍സ് വിളിച്ചിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷമായി ഈ വിഷയം സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഗാസാമുനമ്പ് ഹമാസിന്റെ നിയന്ത്രണത്തിലായതിന്റെ പൂര്‍ണ ഉത്തരവാദിത്തം യു.എസിനും ഇസ്രായേലിനുമാണെന്നും അബ്ബാസ് കുറ്റപ്പെടുത്തി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതോടെയാണ് മഹ്മൂദ് അബ്ബാസ് യു.എസുമായി ഇടഞ്ഞത്. ഇസ്രായേല്‍ അംബാസഡറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ദീര്‍ഘകാലം യു.എസ് പ്രസിഡന്റ് ട്രംപിന്റെ വക്കീലായി ജോലി ചെയ്തയാളാണ് ഫ്രെഡ്മാന്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: