X

ഫലസ്തീൻ: മുസ്ലിംലീഗ് മനുഷ്യാവകാശ റാലി ഒക്ടോബർ 26ന് കോഴിക്കോട്ട്

തിരുവനന്തപുരം: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഒക്ടോബർ 26 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട്ട് മനുഷ്യാവകാശ റാലി സംഘടിപ്പിക്കും. തിരുവനന്തപുരം സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ പാണക്കാട് ഹാളിൽ ചേർന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എമാരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽപറത്തി ഫലസ്തീനിൽ ഇസ്രായേൽ നരമേധം തുടരുകയാണ്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമെല്ലാം ഓരോ നിമിഷവും പിടഞ്ഞുവീഴുകയാണ്. മനുഷ്യജീവന് രക്ഷ നൽകേണ്ട ആശുപത്രികളെ പോലും ഇസ്രായേൽ ബോംബിട്ട് തകർക്കുന്നു. മനുഷ്യാവകാശങ്ങൾക്ക് യാതൊരു വിലയും കൽപിക്കാതെ ഇസ്രായേൽ ഒരു ജനതയെ ഒന്നാകെ വംശഹത്യ ചെയ്യുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒത്താശയോടെയാണ് ഇസ്രായേലിന്റെ ഈ കൂട്ടക്കുരുതി.

വെള്ളവും ഭക്ഷണവും ഇന്ധനവും വൈദ്യുതിയും മരുന്നുമില്ലാതെ ഗാസയിലെ ജനം വീർപ്പുമുട്ടുകയാണ്. ഈ കൊടുംക്രൂരതക്കെതിരെ ലോക മനസ്സാക്ഷി ഉണരണം. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. -മുസ്ലിംലീഗ് ആവശ്യപ്പെട്ടു. ഇന്ത്യ ഇക്കാര്യത്തിൽ തുടരുന്ന മൗനം ദൗർഭാഗ്യകരമാണെന്നും മുസ്ലിംലീഗ് അഭിപ്രായപ്പെട്ടു.

യോഗത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ്, സി.പി ബാവ ഹാജി, സി.എച്ച് റഷീദ്, ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, പി. അബ്ദുൽ ഹമീദ്, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ, കുറുക്കോളി മൊയ്തീൻ, ടി.വി ഇബ്രാഹിം, പി. ഉബൈദുല്ല, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു. സി.ടി അഹമ്മദലി നന്ദി പറഞ്ഞു.

webdesk13: