ഗസ്സ: ഫലസ്തീനിയന്‍ യുവതിയെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഇന്നലെ വൈകിട്ട് കിഴക്കന്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കു സമീപം നടന്ന ഗ്രേയ്റ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ തലക്കാണ് വെടിയേറ്റത്. ആക്രമണത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 30ന് ആരംഭിച്ച പൊതുപ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഫലസ്തീനികള്‍ ഗസ്സയില്‍ പ്രതിഷേധിച്ചത്. തുടര്‍ച്ചയായ 42-ാം ആഴ്ചയാണ് ഇവിടെ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തില്‍ ഇതുവരെ 190 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.