X

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 325 ഒഴിവ്

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 325 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി മാര്‍ച്ച് 2.

മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍- 3, മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ -2, ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍-1 വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്), മാനേജര്‍ (ക്രെഡിറ്റ്), സീനിയര്‍ മാനേജര്‍ (ലോ), മാനേജര്‍ (ലോ), മാനേജര്‍ (എച്ച്ആര്‍ഡി), ഓഫിസര്‍ (ഐടി) എന്നീ വിഭാഗങ്ങളിലായാണ് നിയമനം. ഒരു തസ്തികയിലേക്കു മാത്രം അപേക്ഷിക്കുക. യോഗ്യത, പ്രായം, ജോലിപരിചയം ചുരുക്കത്തില്‍ ചുവടെ.

സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്): സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കില്‍ ഫിനാന്‍സ് സ്‌പെഷലൈസേഷനോടെ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം/ഡിപ്ലോമ, 25- 37 വയസ്, കുറഞ്ഞത് 5 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (ക്രെഡിറ്റ്): സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കില്‍ ഫിനാന്‍സ് സ്‌പെഷലൈസേഷനോടെ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷന്‍ ബിരുദം/ഡിപ്ലോമ, 25- 35 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

സീനിയര്‍ മാനേജര്‍ (ലോ): ബിരുദവും നിയമ ബിരുദവും അല്ലെങ്കില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് നിയമ ബിരുദം, 28- 35 വയസ്, കുറഞ്ഞത് 7 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (ലോ): ബിരുദവും നിയമ ബിരുദവും അല്ലെങ്കില്‍ പഞ്ചവല്‍സര ഇന്റഗ്രേറ്റഡ് നിയമ ബിരുദം, 25- 32 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

മാനേജര്‍ (എച്ച്ആര്‍ഡി): പഴ്‌സനെല്‍ മാനേജ്‌മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്ആര്‍/ എച്ച്ആര്‍ഡി/ എച്ച്ആര്‍എം/ ലേബര്‍ ലോയില്‍ ദ്വിവല്‍സര ഫുള്‍ടൈം പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം/ ഡിപ്ലോമ, 25- 35 വയസ്, കുറഞ്ഞത് 3 വര്‍ഷം ജോലിപരിചയം.

ഓഫിസര്‍ (ഐടി): ഫുള്‍ടൈം എംസിഎ/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ് /കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിഇ/ ബിടെക്, 21- 28 വയസ്, കുറഞ്ഞത് ഒരു വര്‍ഷം ജോലിപരിചയം.

2019 ഫെബ്രുവരി 14 അടിസ്ഥാനമാക്കി യോഗ്യത, ജോലിപരിചയം എന്നിവ കണക്കാക്കും.ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്കവിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും വികലാംഗ വിഭാഗക്കാര്‍ക്കു 10 വര്‍ഷവും ഇളവ് ലഭിക്കും.വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് 24 നു പരീക്ഷ നടത്തും. കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും.

അപേക്ഷാഫീസ്: 600 രൂപ. പട്ടികവിഭാഗം, വികലാംഗര്‍ എന്നീ വിഭാഗക്കാര്‍ക്ക് 100 രൂപ മതി. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് (വിസ, മാസ്റ്റര്‍, റുപേ), ഇന്റര്‍നെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാര്‍ഡ്, മൊബീല്‍ വാലറ്റ് എന്നിവയുപയോഗിച്ച് ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം. ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സ്‌ക്രീനില്‍ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനു www.pnbindia.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ക്ക് ഇ-മെയില്‍ വിലാസം ഉണ്ടായിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷയില്‍ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സ്‌കാന്‍ (ഡിജിറ്റല്‍ രൂപം) ചെയ്തതു വേണ്ടിവരും. ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു ശ്രദ്ധിക്കുക. ഓണ്‍ലൈന്‍ അപേക്ഷാഫോം പ്രിന്റൗട്ടും ഫീസ് അടച്ച രസീതും അപേക്ഷകര്‍ സൂക്ഷിക്കുക. പിന്നീട് ആവശ്യം വരും.

അപേക്ഷിക്കുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലെ നിര്‍ദേശങ്ങളും വ്യവസ്ഥകളും വായിച്ചു മനസിലാക്കണം.

chandrika: