ഉദയ്പൂര്‍: മാനസികാസ്വാസ്ഥ്യമുള്ള ദളിത് യുവതിയെ ബലാല്‍സംഗം ചെയ്ത മേല്‍ജാതിക്കാരനായ യുവാവിനെ പഞ്ചായത്ത് പിഴ ചുമത്തി വിട്ടയച്ചു. 35 വയസുകാരിയെ ബലാല്‍സംഗം ചെയ്ത സീതാറാം ജാട്ട് (38) എന്നയാളെയാണ് 51000 രൂപ പിഴ ചുമത്തി പഞ്ചായത്ത് മെമ്പര്‍മാര്‍ വിട്ടയക്കാന്‍ ശ്രമിച്ചത്. കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന യുവതിയെ ഒഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി സീതാറാം പീഡിപ്പിക്കുകയായിരുന്നു.

മെയ് 18നാണ് യുവതി ബലാല്‍സംഗത്തിനിരയായത്. നാല് ഗ്രാമങ്ങളില്‍ നിന്നുള്ള മെമ്പര്‍മാര്‍ യോഗം കൂടിയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യോഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഗ്രാമീണ്‍ മഹിളാ വികാസ് സന്‍സ്താന്‍ എന്ന സംഘടന സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.