X
    Categories: MoreViews

പറവ: കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സര്‍ഗാത്മക പ്രതിരോധം

സാബിര്‍ കോട്ടപ്പുറം

സൂക്ഷമമായ സാമുഹിക നിരീക്ഷണമുള്ള വ്യക്തിയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ എന്നതിന് അദ്ദേഹത്തിന്റെ സിനിമകള്‍ വലിയ തെളിവാണ്. ആ ശ്രീനിവാസനാണ് ബിരിയാണിയില്‍ ഉപ്പ് കുറഞ്ഞു പോയതിനു മൊഴി ചൊല്ലുന്ന കിളിച്ചുണ്ടന്‍ മാമ്പഴം പോലൊരു സിനിമക്ക് കഥ എഴുതിയത്. 2000 ല്‍ പോയിട്ട് 1940-50 കളില്‍ പോലും ഉണ്ടാവാന്‍ സാധ്യത ഇല്ലാത്ത അന്യഗ്രഹ മുസ്‌ലിം ജീവിതമായിരുന്നു ആ സിനിമയുടെ പശ്ചാത്തലം.

ആറാം തമ്പുരാന്‍ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. കോവിലകം എപ്പോഴാണ് പൊളിക്കുന്നത് എന്നറിയാന്‍ കൊളപ്പള്ളിയില്‍ നിന്നും വന്ന സംഘത്തോട് ജഗന്നാഥന്‍ (മോഹന്‍ലാല്‍) പരിഹാസത്തോടെ പറയുകയാണ്. ബോംബ് വെച്ച് തകര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്, ബോംബ് ആകുമ്പോള്‍ മലപ്പുറത്തു നിന്നും ഈസിയായി കിട്ടുംന്ന്. ഈ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്തോ അതിനു മുന്‍പോ മലപ്പുറം ജില്ലയില്‍ നിന്ന് ബോംബ് ശേഖരങ്ങള്‍ പിടി കൂടുകയോ വാര്‍ത്തകളില്‍ നിരന്തരം നിറഞ്ഞു നില്‍ക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല . എന്നിട്ടും സിനിമ യില്‍ ഈസിയായി ബോംബ് കിട്ടുന്ന സ്ഥലമാക്കി മലപ്പുറം മാറുകയാണ്.

ഈ വാര്‍പ്പ് മാതൃകകള്‍ക്ക് വലിയ മാറ്റം ഒന്നും 2017 ആയിട്ടും ഉണ്ടായിട്ടില്ല എന്നാണു പുലി മുരുകനിലെ കായിക്കയിലൂടെ നമ്മള്‍ കണ്ടത്. കാട്ടില്‍ ജീവിക്കുന്ന മൂപ്പന്‍ വരെ ശുദ്ധ മലയാളം പറയുമ്പോഴും മംഗലാപുരം നഗരത്തില്‍ ജീവിക്കുന്ന കായിക്കന്റെ വസ്ത്രവും ഭാഷയും ആ പഴയ വാര്‍പ്പ് മാതൃക തന്നെ. മീശ മാധവനില്‍ ആകെ ഒരു മുസ്‌ലിം കുടുംബമാണ് ഉള്ളത്. അവര്‍ക്ക് മാത്രം സിനിമയില്‍ നിന്നും മാറി നിന്ന് കൊണ്ടുള്ള ഭാഷയാണ്. തിരുവനന്തപുരത്തെ മുസ്‌ലിം തിരുവനന്തപുരം സ്ലാങ്ങും കോഴിക്കോട്ടുകാരന്‍ കോഴിക്കോടന്‍ സ്ലാങ്ങും മലപ്പുറത്തെ ഹിന്ദു മലപ്പുറം സ്ലാങ്ങും സംസാരിക്കുന്ന നാട്ടിലാണ് കേരളത്തിലെ നാലിലൊന്ന് വരുന്ന മുസ്‌ലിം ജീവിതങ്ങളെ സിനിമയില്‍ ഇങ്ങനെ കൃത്യമായി അപരവല്‍ക്കരിച്ഛത്. മുസ്‌ലിം ജീവിതങ്ങള്‍ സ്‌ക്രീനില്‍ ഇങ്ങനെയൊക്കെ മതി എന്ന ധാരണകള്‍ക്കെതിരായ വലിയ പ്രതിരോധമാണ് സൌബിന്‍ ഷാഹിറും അന്‍വര്‍ റഷീദും പറവയിലൂടെ തീര്‍ത്തത്. കേരളീയ മുസ്‌ലിം ജീവിതത്തില്‍ നിന്നും അടുത്തിടെ ഉണ്ടായ വലിയ സര്‍ഗാത്മക പ്രതിരോധമാണ് പറവ.
കാറ്റും വെയിലും മഴയും കൊള്ളുന്ന, ദുഃഖം വരുമ്പോള്‍ കരയുന്ന സന്തോഷം വന്നാല്‍ ചിരിക്കുന്ന അന്നത്തെ അന്നത്തിനായി ജീവിതത്തോട് പട വെട്ടുന്ന മറ്റെല്ലാവരെയും പോലെ സ്വാഭാവിക ജീവിതം തന്നെയാണ് മുസ്‌ലിം സമൂഹവും ഇവിടെ നയിക്കുന്നതെന്ന് പറവ കാണിച്ച് തരുന്നു. നാല് കെട്ടിന്റെ അപകര്‍ഷതാ ബോധമോ ദേശീയനല്ലാത്തെ മുസ്‌ലിമിനെ നേരിടേണ്ട സമ്മര്‍ദ്ദ മോ പറവയിലെ കഥാപാത്രങ്ങള്‍ക്കില്ല. മട്ടാഞ്ചേരി യിലെ മുസ്‌ലിമിന് മലബാര്‍ ഭാഷ പറയേണ്ട ഗതികെടുമില്ല. അവന്‍ തൊപ്പിയും താടിയും പച്ച ജഴ്‌സിയും അണിഞ്ഞ് ജീവിക്കുകയാണ്. പച്ച ബ്ലൗസ് വലിയൊരു രാഷ്ട്രീയ പ്രശന്മാക്കിയവരുടെ നടുവിലെക്കാണ് ഇമ്രാന്‍ (ദുല്ഖര്‍ സല്‍മാന്‍ ) പച്ച ജഴ്‌സിയും അണിഞ്ഞു വരുന്നത്. ഇമ്രാന്റെ നാടോ വീടോ പശ്ചാത്തലമോ ഒന്നും സിനിമ പറയുന്നില്ല. മിക്ക സീനിലും താടി വെട്ടി ഒതുക്കിയ, തൊപ്പി വെച്ച് നടക്കുന്ന ഇമ്രാനെയാണ് നമ്മള്‍ കാണുന്നത്. അനാഥ പെണ്‍കുട്ടിയെ കല്യാണം കഴിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്ന, മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് എങ്ങനെ എന്ന് പഠിപ്പിച്ച് കൊടുക്കുന്ന, സുഹൃത്തുക്കള്‍ അരയില്‍ ഒളിപ്പിച്ച് വെച്ച കത്തി പുറത്തെടുത്ത് വലിച്ചെറിയുന്ന, മദ്യപാനത്തില്‍ നിന്നും ഗുണ്ടാ സംസ്‌കാരത്തില്‍ നിന്നും അവരെ പിന്‍വലിപ്പിക്കുന്ന ഓരോ വീടിന്റെ അടുക്കളയിലും സ്വാതന്ത്ര്യത്തോടെ കയറി ചെല്ലാന്‍ പറ്റുന്ന വെളിച്ചമായി ഇമ്രാന്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇസ്‌ലാാമോഫോബിയ കാലത്തെ ‘ഇസ്‌ലാം’ തന്നെയാണ് ഇമ്രാന്‍. അഭിനേതാക്കള്‍, ക്യാമറ, സംഗീതം എല്ലാം മികച്ചു നിന്നിട്ടുണ്ട്. ഇചാപ്പിയോടും ഹസീബിനോടും പ്രത്വേക ഇഷ്ടം.

chandrika: