X

കുട്ടികളില്‍ ക്ഷമാശീലം വളര്‍ത്താം; നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി പഠനം

ആധുനിക കാലത്ത് അന്യമായിക്കൊണ്ടിരിക്കുന്ന ശീലമാണ് ക്ഷമ. മനുഷ്യന്‍ സാമൂഹിക ജീവിയെന്ന നിലയില്‍ ഏകാന്ത ജീവിതം ഒരിക്കലും സാധ്യമല്ല. സമൂഹത്തിലെ വിവിധ കാഴ്ചപ്പാടുകളോടും രീതികളോടും ആശയങ്ങളോടും നമുക്ക് സംവദിക്കേണ്ടി വരും. വിയോജിപ്പുകള്‍ പലപ്പോഴും പ്രതികാരത്തിലേക്ക് നയിക്കുന്നതിന്റെ മുഖ്യകാരണം ക്ഷമയുടെ അഭാവമായി കാണാം. വിയോജിപ്പുകളിലും അനിഷ്ടങ്ങളിലും വികരപ്പെടുമ്പോള്‍ നമ്മുടെ ചിന്തകളും ആശയങ്ങളും കൃത്യമായി കൈമാറാന്‍ കഴിയാതെ വരുന്നു. ചുട്ടയിലെ ശീലം ചുടല വരെയെന്ന ചൊല്ല് ഇത്തരം സന്ദര്‍ഭങ്ങളിലാണ് കുടുതല്‍ അര്‍ഥം നല്‍കുന്നത്.

ജീവിത സാഹചര്യങ്ങള്‍ നമ്മില്‍ വരുത്തുന്ന മാറ്റം വളരെ വലുതാണ്. അതുകൊണ്ട് തന്നെ നല്ല ശീലങ്ങള്‍ ചെറുപ്പത്തിലേ സ്വീകരിക്കുന്നതാവും ഉചിതം. വാഷിംഗ്ടണില്‍ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ചെറുപ്പത്തിലെ കുട്ടികളില്‍ ക്ഷമാശീലം വളര്‍ത്തിയെടുക്കണം എന്നാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍, ചിന്തകള്‍ എന്നിവ കുട്ടികള്‍ക്ക് മനസിലാക്കാന്‍ പ്രാപ്തരാക്കുന്നത് ഇതിന് സഹായകമാകുമെന്നും പഠനത്തില്‍ പറയുന്നു.

കുട്ടികള്‍ക്ക് ക്ഷമാശീലം പരിശീലിപ്പിക്കുന്നത് അവര്‍ക്കിടയില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും ഭാവിയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും സഹായകമാകും. കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവരിലും ക്ഷമാശീലം വളര്‍ത്തുന്നത് പ്രധാനമാണെന്ന് പഠനം നടത്തിയ കെല്ലി സിന്‍ മള്‍വി പറയുന്നു. നോര്‍ത്ത് കരോലിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അസോസിയേറ്റ് പ്രഫസറിന്റേതാണ് പുതിയ പഠനം. ബാല്യം മുതല്‍ കൗമാരപ്രായം വരെയുള്ള കുട്ടികളിലാണ് പഠനം നടത്തിയത്. 185 കുട്ടികളില്‍ വിവിധ കളികളിലൂടെയാണ് പരീക്ഷണം നടത്തിയത്.

പഠനഫലത്തില്‍ കുട്ടികളോട് ക്ഷമാപണം നടത്തിയാല്‍ അവര്‍ തിരിച്ച് ക്ഷമിക്കും, കുട്ടികള്‍ അവരുടെ കൂട്ടത്തിലുള്ളവരോട് ക്ഷമിക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു, കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കനുസരിച്ച് ക്ഷമിക്കാനുള്ള ശേഷിയും വര്‍ധിക്കുന്നു എന്നീ മൂന്ന് കണ്ടെത്തലുകളാണ് ലഭ്യമായത്. പഠനത്തില്‍ കുടുതല്‍ ഗവേഷണം നടത്തണമെന്നും രചയിതാവ് പറയുന്നു.

web desk 3: