തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജികത്ത് നല്‍കി. വ്യവസായ വകുപ്പില്‍ നിന്ന് ഒഴിയാന്‍ താല്‍പര്യമുണ്ടെന്നാണ് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച രാജികത്തില്‍ വ്യക്തമാക്കുന്നത്. പ്രതിയായതിനാല്‍ വ്യവസായ വകുപ്പിന്റെ സെക്രട്ടറിസ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയില്ലെന്നും അദ്ദേഹം രാജികത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം രാജിസ്വീകരിച്ച ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാറാണെന്നും അറിയിച്ചു. മുന്‍ വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കിയ ബന്ധു നിയമനവിവാദത്തില്‍ പോള്‍ ആന്റണി മൂന്നാം പ്രതിയാണ്. ജയരാജന്റെ ശിപാര്‍ശകത്തില്‍ ഒപ്പിട്ടത് പോള്‍ ആന്റണിയായിരുന്നു. മതിയായ പരിശോധനയൊന്നും നടത്താതെയായിരുന്നു പോള്‍ ആന്റണി കത്തില്‍ ഒപ്പിട്ടതെന്നായിരുന്നു വിജിലന്‍സ് എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് പോള്‍ ആന്റണിയുടെ രാജി. നേരത്തെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് തന്നെ രാജിക്കൊരുങ്ങിയതായി വാര്‍ത്തകളുണ്ടായിരുന്നു.