വടകര:പയ്യോളിയിലെ ബിഎംഎസ് നേതാവ് സി.ടി. മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം നേതാവടക്കം ഒന്‍പത് പേര്‍ അറസ്റ്റിലായി ചോദ്യം ചെയ്യാനായി ഇന്ന് രാവിലെ ഇവരെ വടകര സിബിഐ ക്യാമ്പ് ഓഫീസില്‍ വിളിച്ച് വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇവരെ പിന്നീട് സിബിഐയുടെ കൊച്ചി ഓഫീസിലേക്ക് കൊണ്ട് പോയി. സിപിഎം പയ്യോളി മുന്‍ ഏരിയ കമ്മറ്റി സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായ ടി.ചന്തു മാസ്റ്റര്‍, പയ്യോളി ലോക്കല്‍ സെക്രട്ടറി പി.വി. രാമചന്ദ്രന്‍, ലോക്കല്‍ കമ്മറ്റി അംഗവും പയ്യോളി മുന്‍സിപ്പല്‍ കൌണ്‍സിലറുമായ കെ.ടി. ലിഖേഷ്, ഏരിയ കമ്മറ്റി അംഗം സി. സുരേഷ്, ലോക്കല്‍ കമ്മറ്റി അംഗം എന്‍. സി. മുസ്തഫ, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി കുമാരന്‍, മുച്ചുകുന്നു സ്വദേശികളായ അനൂപ്, അരുണ്‍ രാജ്, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.
2012 ഫെബ്രുവരി 12 ന് രാത്രി ഒന്‍പത് മണിക്കാണ് ബിഎംഎസ് പ്രവര്‍ത്തകനായ സി.ടി. മനോജിനെ അയനിക്കാടുള്ള വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിക്കുന്നത്. തുടര്‍ന്ന് പിറ്റേ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് പതിനഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഒരു വര്‍ഷത്തിലേറെ ജയില്‍ വാസത്തിലായി. പിന്നീട് ഇവരില്‍ ചിലര്‍ തങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് പ്രതികള്‍ ആയവരാണെന്നും കൃത്യത്തില്‍ പങ്കില്ലെന്നും പറഞ്ഞ് രംഗത്ത് വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചു. കൊല്ലപ്പെട്ട സി.ടി. മനോജിന്റെ അമ്മയും പ്രതികളുടെ ബന്ധുക്കളും നല്‍കിയ നിവേദനത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടു. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ തിക്കോടി സ്വദേശിയായ സാജിദ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സിബിഐ അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. അതെ സമയം അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം. അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ പയ്യോളി ഏരിയയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.