തിരുവനന്തപുരം: നടിയെ ആക്രമിച്ചത് അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്നവനെന്ന ആരോപണവുമായി വീണ്ടും പി.സി ജോര്‍ജ്. മുകേഷ് എം.എല്‍.എക്കെതിരെയാണ് പേരെടുത്ത് പറയാതെ ജോര്‍ജിന്റെ ഒളിയമ്പ്.
ഇപ്പോഴും ഒരു മൂന്നാംകിട യുവജന രാഷ്ട്രീയക്കാരന്റെ മനസുള്ളവനെന്ന് സ്പീക്കര്‍ക്കെതിരെയും ആക്ഷേപമുന്നയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജോര്‍ജിന്റെ പരിഹാസം.
ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്ത് പുറത്തുവിട്ട വുമണ്‍ ഇന്‍ കലക്ടീവിനും ജോര്‍ജ് മറുപടി നല്‍കി. ‘വിടുവായത്തം സകല അതിരും കടക്കുന്നു’ എന്ന ആക്ഷേപവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പി.സി ജോര്‍ജ്ജിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സ്പീക്കര്‍ക്കെതിരെ പരിഹാസം ചൊരിയുകയും മുകേഷ് എം.എല്‍.എക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തിരിക്കുന്നത്.
ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയെന്തെന്നറിയാതെ ഇപ്പോഴും ഒരു മൂന്നാംകിട യുവജന രാഷ്ട്രീയക്കാരന്റെ മനസുള്ളവരും പി.സി.ജോര്‍ജിനെ സംസ്‌കാരം പഠിപ്പിക്കുവാന്‍ കുറിപ്പുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് സ്പീക്കര്‍ക്കുള്ള പരിഹാസം. ആക്രമിച്ചവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍ തൊട്ടടുത്ത് ഞാനിരിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ഈ മാന്യന്‍ അത് കണ്ടില്ല എന്ന പരിഭവവും സ്പീക്കര്‍ക്കെതിരെ ജോര്‍ജ്ജ് ഉന്നയിക്കുന്നു. ഇത്തരം പൊള്ളത്തരങ്ങള്‍ കണ്ണു തുറന്നു കാണണമെന്നും ജോര്‍ജ് പറഞ്ഞു.
‘സിനിമയിലെ സ്ത്രീ സംഘടനക്ക് നിങ്ങള്‍ പ്രസിദ്ധീകരിച്ച തലവാചകങ്ങളോടെയുള്ള കത്ത് കണ്ടു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നിങ്ങളുടെ സഹപ്രവര്‍ത്തകയായ നടിക്കു നീതി ലഭിക്കണമെന്നും ആ നടിയോടൊപ്പമാണ് ഞാനെന്നുമുള്ള എന്റെ നിലപാട് വിശദീകരണം ആവശ്യമില്ലാത്തവിധം ശക്തവും ഉറച്ചതുമാണ്. ഒരു സിനിമാനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടിരിക്കുന്ന ദിലീപിന്റെ ജീവിതവും തൊഴിലും തകര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നു’ എന്ന് താനുയര്‍ത്തിയ സംശയത്തിലും പ്രതികരണങ്ങളിലും അണുവിട വ്യത്യാസപ്പെടുത്താതെ ഉറച്ചു നില്‍ക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു.