ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോണ്‍ ഹാക്ക് ചെയ്യുകയും വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം കൈവരിക്കുന്ന സോഫ്റ്റ് വെയറാണ് പെഗാസസ്. ഒരു ലിങ്കിലൂടെയോ വോയിസ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഒക്കെ പെഗാസസിനെ ഫോണുകളിലേക്ക് കടത്തിവിടും. ഫോണ്‍ ചോര്‍ത്താനുള്ള ഏറ്റവും എളുപ്പമായ ആയുധമായാണ് ഇതിനെ സൈബര്‍ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇസ്രയേലി കമ്പനിയായ എന്‍ എസ് ഒ 2016ല്‍ സൈബര്‍ ആയുധമെന്ന നിലയില്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറാണ് ഇത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സാധാരണ ഈ സോഫ്റ്റ് വെയര്‍ നല്‍കുന്നത്. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ടാണ് പെഗാസസ് നിര്‍മ്മിച്ചതെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളിലടക്കം ഇവ ഉള്‍പ്പെടുത്താന്‍ കഴിയും.

കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാന്‍ ഉപയോഗിച്ചതെന്നത് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ച വസ്തുതയാണ്. കോള്‍ എടുക്കണമെന്നുപോലും നിര്‍ബന്ധമില്ല, ഒരൊറ്റ മിസ്ഡ് കോളിലൂടെ കോഡുകള്‍ സ്മാര്‍ട്‌ഫോണില്‍ നിക്ഷേപിക്കും. ജെയില്‍ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം തന്നെ ആ ചാര പ്രോഗ്രാം ഏറ്റെടുക്കും. കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസിന്റെ വിവരങ്ങള്‍ അപ്രത്യക്ഷമാകുന്ന തരത്തിലാണ് പ്രവര്‍ത്തനം.

പെഗാസസ് ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കോളിങ് സംവിധാനത്തില്‍ എന്തോ സംഭവിക്കുന്നതായി സൂചന കിട്ടിയ വാട്‌സ്ആപ്പ് പെഗാസസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകള്‍ക്ക് പുതിയ അപ്‌ഡേറ്റ് സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഈ സന്ദേശം ലഭിച്ചവര്‍ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ ചര്‍ച്ചകളുണ്ടായത്.