Connect with us

News

ഖത്തര്‍ ഫുട്ബോളിനെ ആവേശഭരിതമാക്കിയ എഴുപതുകളിലെ പെലെ

ലോക ഫുട്ബോള്‍ ഇതിഹാസം പെലെ വിടപറയുമ്പോള്‍ ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന സാന്റോസ് ടീം ഖത്തറിലെ ക്ലബ്ബ് കളിക്കാരുമായി മത്സരിക്കാനായി ദോഹയിലെത്തിയത്.

Published

on

അശ്റഫ് തൂണേരി

ദോഹ: ലോക ഫുട്ബോള്‍ ഇതിഹാസം പെലെ വിടപറയുമ്പോള്‍ ഖത്തറിന് നഷ്ടമാവുന്നത് തങ്ങളുടെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ക്ക് ആവേശവും പ്രചോദനവുമായ വലിയ കളിക്കാരനെ. 1973 ഫെബ്രുവരിലായിരുന്നു പെലെ ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന സാന്റോസ് ടീം ഖത്തറിലെ ക്ലബ്ബ് കളിക്കാരുമായി മത്സരിക്കാനായി ദോഹയിലെത്തിയത്. ഫെബ്രുവരി പതിനാലിനായിരുന്നു മത്സരം. ഖത്തര്‍ ടീമായ അല്‍അഹ്ലിയാണ് സാന്റോസിനെ നേരിട്ടത്. ദോഹ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

1970-ല്‍ മെക്സിക്കോ സിറ്റിയില്‍ നിന്ന് ബ്രസീല്‍ തങ്ങളുടെ മൂന്നാം ഫിഫ ലോകകപ്പ് നേടിയതിനു ശേഷമായിരുന്നു പെലെയുടെ വരവ് എന്നത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. മൂന്ന് തവണ മോഹിപ്പിക്കുന്ന ട്രോഫി നേടിയ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനായി പെലെ മാറിയിരുന്നതിനാല്‍ തന്നെ താരമെത്തുന്നുവെന്ന വാര്‍ത്ത ഖത്തറിനെ ശരിക്കും കോരിപ്പത്തരിപ്പിച്ചിരുന്നുവെന്ന് അന്നത്തെ അല്‍അഹ് ലി ടീം അംഗങ്ങള്‍ ഈയ്യിടെ ഓര്‍ത്തെടുത്തിരുന്നു. ദോഹ സ്റ്റേിയത്തില്‍ ഫസ്റ്റ് ക്ലാസ്സിന് 50 റിയാല്‍, സെക്കന്റ് ക്ലാസ്സിന് 20 റിയാല്‍ എന്ന നിരക്കില്‍ ടിക്കറ്റ് വെച്ച് നടത്തുന്ന മത്സരത്തിനായി ഫുട്ബോള്‍ രാജാവ് പെലെയും സംഘവുമെത്തുന്നുവെന്ന് പ്രത്യേകമായി പോസ്റ്ററിടിച്ച് പ്രചാരണം നടത്തിയിരുന്നു. ആയതിനാല്‍ തന്നെ എഴുപതുകളുടെ തുടക്കത്തിലെ രാജ്യത്തെ ഏക ഫുട്ബോള്‍ പുല്‍മൈതാനമുള്‍പ്പെട്ട ദോഹ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ‘പെലെയും സാന്റോസ് ടീമംഗങ്ങളും ദോഹനഗരത്തിലേക്ക് വരുമെന്ന വാര്‍ത്തപരന്നതോടെ ദോഹ സ്റ്റേഡിയം തിങ്ങിനിറഞ്ഞു.” അല്‍ അഹ്ലി ടീമംഗമായ മുഹമ്മദ് അല്‍സിദ്ദിഖി പറഞ്ഞതായി ഒരു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു പരമ്പര കളിക്കാന്‍ ക്ഷണിക്കപ്പെട്ടതിന്റെയടിസ്ഥാനത്തിലാണ് പെലെ ഖത്തറിലെത്തിയത്. മേഖലയിലെ നിരവധി കളിക്കാരേയാണ് പെലെയുടേയും സംഘത്തിന്റേയും സന്ദര്‍ശനം പ്രചോദിപ്പിച്ചത്.

കായികരംഗത്ത് കൂടുതല്‍ ഉയര്‍ച്ചയിലേക്ക് പോവാന്‍ ഇത് സഹായകരമായെന്ന് പിന്നീട് വിലയിരുത്തല്‍ വന്നു. 1973ല്‍ അല്‍ അഹ്ലിയുടെ പ്ലെയര്‍ കോച്ചായിരുന്ന ഇപ്പോള്‍ 82 വയസ്സുള്ള ബയൂമി ഈസയുള്‍പ്പെടെ ഏറെ അഭിമാനത്തോടെയാണ് പഴയകാലം ഓര്‍ത്തെടുത്തത്. ”തങ്ങള്‍ യഥാര്‍ത്ഥത്തില്‍ കളിക്കളത്തിലെത്തി ശക്തനായ പെലെയെ നേരിടാന്‍ പോകുന്നുവെന്ന് ഒരു കളിക്കാരനും യഥാര്‍ത്ഥത്തില്‍ വിശ്വസിച്ചില്ല. എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ ചെയ്ത അതേ രീതിശാസ്ത്രം ഉപയോഗിച്ച് മത്സരത്തെ സമീപിക്കണമെന്നത് പ്രധാനമാണ്. ചോക്ക്ബോര്‍ഡ് ഉപയോഗിച്ച് ഒരു കളിക്കാരന്റെ റോള്‍ എടുത്തുകാണിക്കുകയും അവിടെ പോയി അവരുടെ പരമാവധി ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു” ഈസ വിശദീകരിച്ചു. ബ്രസീലിയന്‍ ടീമിനോട് നാണംകെട്ട് തോറ്റില്ലെന്ന് പറയാം. ഇതിഹാസ താരത്തിനൊപ്പം കളിച്ച ആഹ്ലാദം വേറെതന്നെ. 3-0 ന് മാത്രമേ തോറ്റിട്ടുള്ളൂവെന്നും അദ്ദേഹം ആശ്വസിച്ചു.

അതിനിടെ ഖത്തര്‍ ലോകകപ്പില്‍ 2022 ഡിസംബര്‍ 2-ന് നടന്ന ബ്രസീല്‍-കാമറൂണ്‍ മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ലുസൈല്‍ ഐക്കണിക് സ്റ്റേഡിയത്തില്‍ രോഗശമന പ്രാര്‍ത്ഥനക്കായുള്ള ആഹ്വാനമുള്ള വലിയ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ന് പെലെ. ഡിസംബര്‍ 5-ന് സൗത്ത് കൊറിയയുമായി ബ്രസീല്‍ ഏറ്റമുട്ടിയപ്പോള്‍ 974 സ്റ്റേഡിയത്തിലും പ്രാര്‍ത്ഥനാ ബാനറുകളും സ്‌ക്രീനില്‍ പ്രാര്‍ത്ഥനയും നിറഞ്ഞു. പെലെ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു ആ ദിവസം. പ്രസ്തുത ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ മാത്രമല്ല വിവിധ ഫാന്‍സോണുകളിലും ഖത്തറിലെ കെട്ടിടങ്ങളിലെ സ്‌ക്രീനുകളിലും പെലെ, ഗെറ്റ് വെല്‍ സൂണ്‍.. വാക്കുകള്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം അല്‍പ്പം ശമനമായപ്പോള്‍ ഖത്തറിനും ഫിഫ സംഘാടകര്‍ക്കും നന്ദി അറിയിച്ച് പെലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം ഫുട്ബോള്‍ ആരാധകര്‍ പെലെയുടെ ചിത്രത്തിനരികെ നിന്ന് സെല്‍ഫിയെടുക്കാന്‍ മത്സരിക്കുന്ന ദൃശ്യങ്ങളും ദോഹയില്‍ കാണാനായി. മുശൈരിബ് ഡൗണ്‍ടൗണില്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോളിനെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട സംവേദനാത്മക പ്രദര്‍ശനം കാണാനെത്തിയ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകരാണ് ചിത്രമെടുക്കാന്‍ തിരക്ക് കൂട്ടിയത്.

News

ഛേത്രിയും ജിങ്കാനും വല ചലിപ്പിച്ചു; കിര്‍ഗിസ്ഥാനേയും വീഴ്ത്തി ഇന്ത്യ; ത്രിരാഷ്ട്ര ഫുട്ബോള്‍ കിരീടം

നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്.

Published

on

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യ. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് കിര്‍ഗിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മ്യാന്‍മറാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു രാഷ്ട്രം.

ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, പ്രതിരോധ താരം സന്തോഷ് ജിങ്കാന്‍ എന്നിവരാണ് ഗോള്‍ നേടിയത്.

 

Continue Reading

columns

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍- എഡിറ്റോറിയല്‍

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.

Published

on

ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കേണ്ടത് സംഘ്പരിവാരിന്റെ താല്‍പര്യമാണ്. കപട ദേശീയതയും കോര്‍പറേറ്റ് ചങ്ങാത്തവും അപരനിര്‍മാണവും അതിന്റെ മുഖ്യ അജണ്ടയാണ്. സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ കാട്ടിയ തിടുക്കം ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഇന്ത്യന്‍ ഫാസിസം അത്രത്തോളം വളര്‍ന്നുവെന്ന് സാരം. ഇനിയും നോക്കിനിന്നാല്‍ ജനാധിപത്യ ഇന്ത്യയെ എന്നെന്നേക്കും നഷ്ടപ്പെടുകയായിരിക്കും ഫലം. ഈ ഘട്ടത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ കണ്ട പ്രതിപക്ഷ ഐക്യം മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഐക്യം വിളിച്ചോതുന്നതായിരുന്നു. കോണ്‍ഗ്രസിനോട് അകലം പാലിച്ചുനിന്ന ആം ആദ്മി, ടി.എം.സി, ബി.ആര്‍.എസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തത് പ്രതിപക്ഷ ക്യാമ്പില്‍ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹം നടക്കില്ലെന്ന് കരുതിയ ഇടത്താണ് രാഹുലിന്റെ അയോഗ്യത ചര്‍ച്ചയായത്. ഞൊടിയിടയില്‍ രാജ്യത്ത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. കോണ്‍ഗ്രസുമായി ഒത്തുചേരാതെയും മൂന്നാം മുന്നണിയുടെ രൂപീകരണം പോലും സാധ്യമാവാതെയും തന്‍പൊരിമ കാണിച്ച് നിന്നിരുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ഇപ്പോള്‍ ഐക്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി തലവന്‍ കേജ്‌രിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഭാരത് രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ കോണ്‍ഗ്രസുമായി അകല്‍ച്ചയിലുള്ള നേതാക്കള്‍പോലും പിന്തുണയുമായി എത്തി. ദുര്‍ബലരായി ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തിന് ചാരത്തില്‍നിന്നും ഉയര്‍ന്നെഴുന്നേറ്റ് അധികാരം പിടിക്കുന്നതിന് മുമ്പും രാജ്യം വേദിയായിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യം 1976-77, 1987-89ലും ഇത് തെളിയിച്ചിട്ടുണ്ട്.

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് 40 ശതമാനത്തില്‍ താഴെയായിരുന്നു. ഭൂരിപക്ഷം വോട്ടും ലഭിച്ചത് വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികള്‍ക്കായിരുന്നു. അന്നുമുതല്‍ തുടങ്ങിയ ആവശ്യമാണ് ബി.ജെ.പിയിതര മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകോപനം. വിവിധ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും പ്രാധാന്യവും വിളിച്ചോതുന്നതാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതിനാലാണെന്ന് ഫലം വ്യക്തമാക്കുന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. സംസ്ഥാന ഭരണം രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഹിമാചല്‍പ്രദേശിലുമായി ചുരുങ്ങിയെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് കോണ്‍ഗ്രസിനെയും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയേയുമാണെന്നു അയോഗ്യത സംഭവത്തിലൂടെ വ്യക്തമായി. അതുവഴി പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തേക്കുള്ള ഇതര പാര്‍ട്ടികളുടെ അവകാശവാദത്തിന് ഉത്തരം നല്‍കാനും കോണ്‍ഗ്രസിനായി. രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയായി ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് രാഹുലിനെ അയോഗ്യനാക്കിയ സംഭവം.

രാജ്യത്തെ ഉന്നതമായ ജനാധിപത്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നീക്കം ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ആശങ്ക വിതച്ചിട്ടുണ്ട്. രാഹുലിന്റെ അയോഗ്യത മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലുണ്ടാക്കിയ പ്രതികരണം ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ജനവിഭാഗത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. 2024ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി, ഒരു മനസോടെ നേരിടണം. ഈ വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബി. ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. ഇതിലൂടെയാവണം ലോക്‌സഭാതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ അടിത്തറ ഒരുക്കേണ്ടത്. മൂന്നാമതും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള തീവ്രശ്രമങ്ങള്‍ പ്രതിപക്ഷത്തുനിന്ന് ഉണ്ടാവണം. അതിനുള്ള നിമിത്തമായി മാറട്ടെ രാഹുലിന്റെ അയോഗ്യത.

Continue Reading

kerala

ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം; കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും ഏപ്രില്‍ മൂന്നിന് പ്രതിഷേധ സംഗമങ്ങള്‍

ഭരണകൂടം വേട്ടയാടുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്ക് മുന്നിലും ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടക്കും.

Published

on

കോഴിക്കോട്: ഭരണകൂടം വേട്ടയാടുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെയും മുസ്ലിംലീഗ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങള്‍ക്ക് മുന്നിലും ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്രതിഷേധ സംഗമങ്ങള്‍ നടക്കും. പ്രതിഷേധ സംഗമങ്ങള്‍ വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്. കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ നടക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രതിഷേധ സംഗമം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമും തിരുവനന്തപുരത്ത് അസംബ്ലി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീറും ഉദ്ഘാടനം നിര്‍വ്വഹിക്കും.

മുസ്ലിംലീഗ് ഭാരവാഹികളും ജനപ്രതിനിധികളും പോഷക ഘടകം ഭാരവാഹികളുമാണ് പ്രതിഷേധ സംഗമങ്ങളില്‍ പങ്കെടുക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ തിരുവനന്തപുരത്തും എറണാകുളം, തൃശൂര്‍, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍നിന്നുള്ളവര്‍ നെടുമ്പാശ്ശേരിയിലും മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രതിനിധികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് മുന്നിലും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രതിനിധികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മുന്നിലും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.

Continue Reading

Trending