X

പെലെ മുതല്‍ പെലെ വരെ-

കമാല്‍ വരദൂര്‍-

പെലെയെ എല്ലാവര്‍ക്കുമറിയാം. ഫുട്ബോള്‍ രാജാവ്. ഫുട്ബോള്‍ ലോകം ദര്‍ശിച്ച മഹാനായ താരം. ബ്രസീലിന്റെ മൂന്ന് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളി. പ്രൊഫഷണല്‍ ഫുട്ബോളില്‍ 560 മല്‍സരങ്ങളില്‍ നിന്നായി 541 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത താരം. കരിയറില്‍ ആകെ കളിച്ചത് 1363 മല്‍സരങ്ങള്‍. അതില്‍ 1279 ഗോളുകള്‍. ഫുട്ബോളിന്റെ സകല റെക്കോര്‍ഡുകളിലും ഒന്നാമത് നില്‍ക്കുന്ന താരം. അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. കാല്‍പന്ത് ലോകത്തിന് മാത്രമല്ല,കായികതക്ക് തന്നെ തീരാ നഷ്ടം.
പതിനഞ്ചാം വയസില്‍ കളി തുടങ്ങി പതിനാറാം വയസില്‍ രാജ്യത്തിന്റെ ജഴ്സിയില്‍ ലോകകപ്പ് വേദിയില്‍ പ്രത്യക്ഷപ്പെട്ട മഹാനായ താരത്തിന്റെ ചരിത്രം കൊച്ചുകുട്ടികള്‍ക്ക് പോലും സുപരിചിതം. 208 രാജ്യങ്ങളാണ് ഇന്ന് ലോകത്തുള്ളത്. ഈ 208 രാജ്യങ്ങളിലും സുപരിചിതനായ ഒരു കാല്‍പ്പന്തുകാരനുണ്ടെങ്കില്‍ അത് പെലെയാണ്. എല്ലാ രാജ്യങ്ങളിലെയും സ്‌ക്കൂള്‍ പാഠപുസ്തകത്തില്‍ അദ്ദേഹമുണ്ട്. ബ്രസീല്‍ എന്ന വലിയ ഫുട്ബോള്‍ രാജ്യത്തിന്റെ പേരിനും പെരുമക്കുമൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കപ്പെടുന്ന അജയ്യനായ ഫുട്ബോളര്‍. ഈ കഥയിലെ പ്രതിപാദ്യം പെലെയുടെ ചരിത്രമല്ല. അദ്ദേഹത്തിന് എങ്ങനെ ആ നാമധേയം ലഭിച്ചുവെന്നതാണ്. ബ്രസീല്‍ ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തിലെ നാമപട്ടിക നോക്കു-ഇത്തരത്തില്‍ ഒരു പേര് കാണില്ല.

എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ

ഇതാണ് ഫുട്ബോള്‍ രാജാവിന്റെ യഥാര്‍ത്ഥ നാമധേയം. ഈ പേര് പറഞ്ഞാല്‍ ആര്‍ക്കും പിടി കിട്ടില്ല. യഥാര്‍ത്ഥ ബ്രസീലുകാര്‍ക്ക് പോലും. 1940 ഒക്ടോബര്‍ 23 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാവോപോളോക്ക് സമീപം മിനാസ് ഗെരൈസിലെ ട്രെസ് കോറകോസ് എന്ന് സ്ഥലത്ത്. പിതാവ് നല്ല ഫുട്ബോളറായിരുന്നു-ജോ റാമോസ് ഡോ നാസിമെന്‍ഡോ. സെലസ്റ്റെ അരാന്റസ് എന്നായിരുന്നു മാതാവിന്റെ പേര്. രണ്ട് മക്കളില്‍ ഒന്നാമനായിരുന്നു പെലെ. അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് എഡിസന്റെ ആരാധകനായിരുന്നു പിതാവ്. അതിനാല്‍ ആദ്യ മകന്‍ ജനിച്ചപ്പോള്‍ ശാസ്ത്രജ്ഞന്റെ നാമം തന്നെ നല്‍കണം എന്ന് കരുതിയാണ് എഡിസണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന പേര് നല്‍കിയത്. പിതാവിന് താല്‍പ്പര്യം എഡിസണ് പകരം എഡ്സണ്‍ എന്നായിരുന്നു. അധികമാര്‍ക്കും പരിചയമില്ലാത്ത പേര്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ എഡിസണ്‍ എന്നായിരുന്നു എഴുതിയിരുന്നത്. അങ്ങനെ അദ്ദേഹം രേഖയില്‍ എഡിസണ്‍ തന്നെയായി മാറി. വീട്ടിലെ വിളിപ്പേര് ഡിക്കോ എന്നായിരുന്നു. ഡിക്കോ എങ്ങനെ പെലെയായി മാറി എന്നതാണ് കൗതുകം. ചെറുപ്പകാലം മുതല്‍ പെലെക്ക് ഇഷ്ടപ്പെട്ട താരമായിരുന്നു അക്കാലത്തെ ബ്രസീലിലെ ഒന്നാം നമ്പര്‍ ക്ലബായ വാസ്‌ക്കോഡഗാമയുടെ ഗോള്‍ക്കീപ്പര്‍ ബിലെ. ഈ പേര് പലപ്പോഴും സ്‌ക്കൂളില്‍ അദ്ദേഹം ഉച്ചരിക്കാറുള്ളത് പെലെ എന്നായിരുന്നു. അതോടെ കൂട്ടുകാര്‍ അദ്ദേഹത്തെ കളിയാക്കാന്‍ തുടങ്ങി. അതാ വരുന്നു പെലെ എന്നായി എഡ്സണെ നോക്കി കൂട്ടുകാരുടെ കളിയാക്കല്‍. അങ്ങനെയാണ് എഡ്സണ്‍ പെലെയായതും ആ നാമധേയം ലോക പ്രശസ്തമായതും. തന്റെ ആത്മക്കഥയില്‍ പെലെ തന്നെ പറയുന്നുണ്ട് തനിക്ക് ആ പേര് ലഭിച്ചതിലെ കൗതുക ചരിത്രം. ബിലേ എന്ന ഗോള്‍ക്കീപ്പറെ അത്ര മാത്രം ഇഷ്ടമായിരുന്നു. അദ്ദേഹത്തെ അനുകരിക്കാനായിരുന്നു താല്‍പ്പര്യം. സ്‌ക്കൂളില്‍ കുട്ടികള്‍ക്കെല്ലാം അവരുടെ പ്രിയപ്പെട്ട താരങ്ങളുണ്ടാവും. പുസ്തകങ്ങളില്‍ ആ താരങ്ങളുടെ പേരുകളെഴുതും. അവരുടെ ജഴ്സി നമ്പര്‍ ധരിക്കും. ഇതെല്ലാം പെലെയും ചെയ്തിരുന്നു. ബിലെ എന്ന ഗോള്‍ക്കീപ്പറില്‍ നിന്നും തനിക്ക് പെലെ എന്ന നാമം ലഭിച്ചപ്പോള്‍ അതിന്റെ അര്‍ത്ഥം തേടി താരം. ഇംഗ്ലീഷില്‍ ആ പദത്തിന് പ്രത്യേക അര്‍ത്ഥമില്ല. പെലെ സംസാരിക്കുന്ന പോര്‍ച്ചുഗീസ് ഭാഷയിലും കാര്യമായ അര്‍ത്ഥമില്ല. പക്ഷേ ഹിബ്ര്യുവില്‍ അല്‍ഭുതം എന്ന അര്‍ത്ഥമുണ്ട്.


ദാരിദ്ര്യമായിരുന്നു പെലെയുടെ കൂടപ്പിറപ്പ്. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം ചായക്കടയില്‍ സഹായിയായി പോയി. രാവിലെ സ്‌ക്കൂളിലേക്ക്. അതിന് ശേഷം കടയിലേക്ക്. അങ്ങനെ ലഭിച്ച ചെറിയ വരുമാനത്തില്‍ നിന്നായിരുന്നു ജീവിതം. പിതാവിനെ പോലെ പന്ത് കളിക്കാന്‍ വലിയ മോഹമായിരുന്നു. പക്ഷേ സ്വന്തമായി ഒരു പന്ത് അക്കാലത്ത് സ്വപ്നമായിരുന്നു. കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി കളിച്ച ബാല്യകാലത്തില്‍ നിന്നും അദ്ദേഹം സാവോപോളോയിലെ കൊച്ചു ടീമുകള്‍ക്കായി കളി തുടങ്ങി. ആദ്യമായി കളിച്ച ഇന്‍ഡോര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെലെയുടെ ടീം കിരീടം സ്വന്തമാക്കി. ഇന്‍ഡോര്‍ ഫുട്ബോളായിരുന്നു പെലെയിലെ ഫുട്ബോളറെ ശക്തനാക്കിയത്. ചെറിയ വേദി. തൊട്ടരികില്ലെല്ലാം കളിക്കാര്‍. അവരില്‍ നിന്നും പന്തുമായി കുതിക്കുക എളുപ്പമല്ല. അപ്പോള്‍ ഡ്രിബല്‍ംഗ് തന്നെ ശരണം. അങ്ങനെ പന്ത് നിയന്ത്രിക്കാനുള്ള ശക്തി എളുപ്പത്തില്‍ കൈവന്നു. ചെറിയ പ്രായത്തില്‍ തന്നെ ഇന്‍ഡോര്‍ ഫുട്ബോളില്‍ വലിയവര്‍ക്കൊപ്പം കളിക്കാനുമായപ്പോള്‍ ധൈര്യവും കൂട്ടായി. 15- ാം വയസില്‍ സാന്‍ഡോസ് ക്ലബ് അദ്ദേഹത്തെ തേടിയെത്തി. മാധ്യമങ്ങള്‍ കൊച്ചുതാരത്തെ ഭാവി സൂപ്പര്‍ താരമായി വാഴ്ത്തി. സാന്‍ഡോസിനായി അദ്ദേഹം അതേ പ്രായത്തില്‍ ആദ്യ വലിയ മല്‍സരം കളിച്ചു.

കൊറീന്ത്യന്‍സിനെതിരെ സാന്‍ഡോസ് ജയിച്ചത് 1-7ന്. മല്‍സരത്തിലെ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്തത് പെലെ. പതിനാറാം വയസ് മുതല്‍ അദ്ദേഹം ടീമിലെ സ്ഥിരക്കാരനായി. 17-ാം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍. 1958 ലും 1962 ലും ലോകകപ്പ് സ്വന്തമാക്കിയ ബ്രസീല്‍ സംഘത്തില്‍ അംഗമായപ്പോള്‍ യൂറോപ്പിലെ വന്‍കിടക്കാരായ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമെല്ലാം പെലെക്കായി രംഗത്ത് വന്നു. 1958 ല്‍ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനുമായി അദ്ദേഹം ധാരണയിലെത്തി. എന്നാല്‍ അപ്പോഴേക്കും സാന്‍ഡോസ് ആരാധകര്‍ കലാപമുണ്ടാക്കി. ഇറ്റാലിയന്‍ കരാര്‍ റദ്ദാക്കി. 1961 ല്‍ ബ്രസീല്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ദേശീയ സമ്പത്തായി പ്രഖ്യാപിച്ചു. അതോടെ അദ്ദേഹത്തിന് സ്വന്തം രാജ്യത്ത് തന്നെ കളിക്കേണ്ടി വന്നു. സാന്‍ഡോസിനായി അദ്ദേഹം നേടാത്ത കിരീടങ്ങളില്ല. 19 വര്‍ഷം ഒരേ ക്ലബിനായി കളിച്ച ശേഷം അല്‍പ്പകാലം അമേരിക്കയില്‍ ന്യൂയോര്‍ക്ക് കോസ്മോസിന്റെ ജഴ്സിയിട്ടു. 1977 ലായിരുന്നു പെലെ കളിക്കളം വിട്ടത്. സാന്‍ഡോസും കോസ്മോസും തമ്മിലുള്ള സൗഹൃദ മല്‍സരത്തിലുടെ. ബോക്സിംഗ് ഇതിഹാസം മുഹമ്മദലി, ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ബോബി മൂര്‍, പെലെയുടെ പിതാവ്, ഭാര്യ തുടങ്ങി മുക്കാല്‍ ലക്ഷത്തോള പേരെ സാക്ഷി നിര്‍ത്തിയായിരുന്നു ആ മല്‍സരം. ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളിലും ആ കളി തല്‍സമയമായിരുന്നു. 2-1ന് കോസ്മോസ് ജയിച്ചു. ആദ്യപകുതിയുടെ അവസാനത്തില്‍ ഫ്രീകിക്കിലുടെ കോസ്മോസിന് വേണ്ടി തകര്‍പ്പന്‍ ഗോളും അവസാന മല്‍സരത്തില്‍ പെലെ നേടി. രണ്ടാം പകുതിയില്‍ മഴ പെയ്തു. അടുത്ത ദിവസം ബ്രസീല്‍ പത്രമെഴുതിയത് പെലെയുടെ വിടവാങ്ങലില്‍ ആകാശം പോലും കരഞ്ഞുവെന്നാണ്.

അപ്പോഴും ഇപ്പോഴും എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്‍ഡോ എന്ന തന്റെ ശരിയായ നാമം പെലെ കേള്‍ക്കുന്നില്ല. പാസ്പോര്‍ട്ടില്‍ മാത്രമാണ് ആ പേര്. ബിലെയില്‍ നിന്നും പെലെയിലേക്കുള്ള ദൂരത്തെ പക്ഷേ രാജാവ് സ്നേഹിക്കുന്നു. ഖത്തര്‍ ലോകകപ്പ് വരെ അദ്ദേഹം രോഗശയ്യയിലിരുന്ന് കണ്ടു. ഫൈനല്‍ കണ്ട്,മെസിയും സ്വന്തം വന്‍കരയും കപ്പടിക്കുന്നതും കണ്ടാണ് അദ്ദേഹം കണ്ണടച്ചിരിക്കുന്നത്.

 

Chandrika Web: