വാഷിങ്ടണ്‍: അമേരിക്കന്‍ നാവികസേനാ വിമാനത്തെ റഷ്യന്‍ വ്യോമാതിര്‍ത്തിക്കു സമീപം റഷ്യ തടഞ്ഞതായി ആരോപണം. അമേരിക്കന്‍ പ്രതിരോധ വകുപ്പാണ് റഷ്യക്കെതിരെ ആരോപണമുന്നയിച്ചത്. കരിങ്കടലിനു മുകളിലെ വ്യോമമേഖലയിലാണ് യു.എസ് വിമാനത്തെ റഷ്യന്‍ വിമാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്.

യു.എസ് വിമാനത്തിന്റെ യാത്രാപാതയില്‍ തടസ്സമുണ്ടാക്കുന്ന വിധത്തില്‍ റഷ്യയുടെ എസ്‌യു-27 ജെറ്റ് വിമാനം 25 മിനിറ്റോളം പറന്നുവെന്നാണ് അമേരിക്കന്‍ ആരോപണം.

അതിവേഗത്തില്‍ വിമാനം പറന്നതിനെത്തുടര്‍ന്ന് യു.എസിന്റെ ഇപി-3 വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടുവെന്നും അമേരിക്കന്‍ പ്രതിരോധ വിഭാഗം പറഞ്ഞു. എന്നാല്‍ റഷ്യ ഇക്കാര്യം നിഷേധിച്ചു. തങ്ങളുടെ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നുവെന്ന് റഷ്യന്‍ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.