X

പേരാമ്പ്രപള്ളി ആക്രമണം: സി.പി.എമ്മിനെ വിമര്‍ശിച്ചതിന് നജീബ് കാന്തപുരത്തിനെതിരെ കേസ്

കോഴിക്കോട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തേയും ഇരട്ടത്താപ്പിനേയും തുറന്നുകാട്ടി ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയതിന് യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു. പേരാമ്പ്രപള്ളിക്കുനേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ കപടരാഷ്ട്രീയത്തെ തുറന്നുകാട്ടി നജീബ് കാന്തപുരം നടത്തിയ വിമര്‍ശനമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

‘ആര്‍.എസ്.എസിനെ ചൂണ്ടി ഞങ്ങളെ പേടിപ്പിക്കുന്ന നിങ്ങളെന്തിനാണ് പേരാംബ്ര ടൗണ്‍ ജുമാമസ്ജിദിന് നേരെ ആക്രമണം നടത്തിയതെന്ന് ഒന്ന് വിശദമാക്കാമോ???

ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് ഇരട്ടച്ചങ്കന്റെ സ്‌കൂളില്‍ ചേരേണ്ട ഗതികേടില്ല. എഴുപത് കൊല്ലമായി അത് ഞങ്ങള്‍ ജനാധിപത്യ വഴിയില്‍ തുടരുന്നുണ്ട്. അത് കൊണ്ടാണ് സംഘ് പരിവാറിനെ കാസര്‍ക്കോട് ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഹൈന്ദവ സഹോദരങ്ങളുടെ പിന്തുണയോടെ തോറ്റ് തൊപ്പിയിടീക്കാന്‍ ലീഗിന് കഴിയുന്നത്.

സഖാക്കളെ, നിങ്ങള്‍ കേരളത്തിലെ ഏത് മണ്ഡലത്തിലാണ് ആര്‍.എസ്.എസിന്റെ അധികാരാരോഹണത്തെ ചെറുക്കുന്നത്. സംഘികളെ ചെറുക്കുന്നതില്‍ നിങ്ങള്‍ക്കാണ് പരിമിതികളുള്ളത്. ആര്‍.എസ്.എസ്സിനെതിരെ ഇന്ത്യയാകെ പൊരുതുന്ന രാഹുല്‍ഗാന്ധിക്ക് ബ്ലാങ്ക് ചെക്ക് നല്‍കിയ ഞങ്ങള്‍ക്കല്ല.’-ഇതായിരുന്നു പോസ്റ്റ്.

സി.പി.എം കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ നടത്തിയ ഈ വിമര്‍ശനത്തിന്റെ പേരില്‍ കേസെടുക്കാന്‍ പറഞ്ഞ ന്യായവാദമാണ് വിചിത്രം. ജനുവരി അഞ്ചിന് തന്റെ ഒഫീഷ്യല്‍ പേജില്‍ നജീബ് കാന്തപുരം ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോള്‍ പേരാമ്പ്ര പള്ളിക്കു നേരെ ബോംബെറിഞ്ഞതിനെക്കുറിച്ച് വിശദമാക്കാമോ എന്നാണുണ്ടായിരുന്നത്. എന്നാല്‍ ബോംബല്ല, കല്ലാണെറിഞ്ഞതെന്നും ഈ ചോദ്യം കലാപമുണ്ടാക്കാന്‍ പ്രേരണ നല്‍കുന്നുവെന്നും ആരോപിച്ചാണ് വിചിത്രമായ കേസ്.

മോദിക്കതിരെ വിമര്‍ശനം നടത്തുന്നവരെ നേരിടുന്ന പോലെ പിണറായി വിജയന്‍ തനിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുയര്‍ത്തുന്നവരെ ജയിലിലടക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗം മാത്രമാണ് ഈ കേസ്. ഫേസ്ബുക്ക് പോസ്റ്റിലെ രാഷ്ട്രീയ ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം സൈബര്‍ ആക്രമണം നടത്തുകയും തെറി അഭിഷേകം ചെയ്യുകയും ചെയ്ത സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും ചാര്‍ജ്ജ് ചെയ്തിട്ടുമില്ല.

chandrika: