X
    Categories: NewsViews

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

തിരുവനന്തപുരം/കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി. ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചാരണ വിഭാഗം കണ്‍വീനര്‍ കെ മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആലോചനയിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിലവിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കെ.പി. സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റപ്പെടുത്തി. പൊലീസ് ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന് ജനമഹായാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കൊലപാതകം സി.പി.എം ജില്ലാ നേതൃത്വം നല്‍കിയ ക്വട്ടേഷനാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. കണ്ണൂര്‍ ക്വട്ടേഷന്‍ സംഘത്തെ പാര്‍ട്ടി ചുമതലപ്പെടുത്തുകയായിരുന്നു. ഷുഹൈബിന്റെ കൊലയാളികളുടെ കരങ്ങള്‍ പെരിയ കൊലക്കേസിന് പിന്നിലുണ്ട്. പരസ്യമായി കൊലവിളിനടത്തിയ വി.പി.പി മുസ്തഫക്കെതിരെ എന്തുകൊണ്ട് പൊലീസ് കേസെടുക്കുന്നില്ല. കൊലക്കേസ് പ്രതിയുടെ വീട്ടില്‍ എം.പിക്കും എം.എല്‍.എക്കും എന്താണ് കാര്യമെന്നും മുരളീധരന്‍ ചോദിച്ചു.
പോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റേയും വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത്. മുഖ്യമന്ത്രിക്ക് മരണ വീട്ടില്‍ പോകണമെങ്കില്‍ ആരുടേയും അനുമതിയുടെ ആവശ്യമില്ല. കാസര്‍കോട്ടെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുമായി ഒരുതരം ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ല. മുഖ്യമന്ത്രിക്ക് പോകണമായിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു. സംരക്ഷണം ഒരുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമായിരുന്നു.
മരണ വീട്ടില്‍ മുഖ്യമന്ത്രി എത്തിയാല്‍ മുഖത്ത് തുപ്പാന്‍ കോണ്‍ഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. മുഖത്ത് തുപ്പുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല. അത് സി.പി.എമ്മിന്റെ സംസ്‌കാരമായിരിക്കും. പാലക്കാട് സി.പി.ഐക്കാര്‍ കൊലപ്പെടുത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടിലല്ലാതെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ആരുടെ വീട്ടിലും പിണറായി പൊയിട്ടില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. സമുദായ സംഘടനകള്‍ സി.പി.എമ്മിന് അനുകൂലമായ തീരുമാനം എടുക്കുമ്പോള്‍ അവരെ നവോത്ഥാന പ്രവര്‍ത്തകരായും അല്ലെങ്കില്‍ മാടമ്പിമാരായും ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് മുരളീധരന്‍ പറഞ്ഞു.
പരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങളാണ് പെരിയ ഇരട്ടക്കൊലക്കു പിന്നിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കൊലക്ക് ഉപയോഗിച്ചതെന്ന പേരില്‍ പൊലീസ് കണ്ടെത്തിയ ആയുധങ്ങളെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് സിപിഎം നേതാക്കള്‍ കേസില്‍ അറസ്റ്റിലായ പീതാംബരന്റെ വീട്ടില്‍ പോയതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ഉദുമ എം.എല്‍.എക്കും മുന്‍ എം.എല്‍.എക്കുമെതിരെ അന്വേഷണം വേണം. നിലവില്‍ അന്വേഷണ ചുമതലയുള്ള ഐ.ജി ശ്രീജിത്തും റഫീഖും ആരോപണ വിധേയരാണ്. ഇവരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ കെ.പി.സി.സിക്കും കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും വിശ്വാസമില്ല. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ കാസര്‍ക്കോട് ഡി.സി.സി നിരുത്സാഹപ്പെടുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് കെ.പി.സി.സി സ്വാഗതം ചെയ്തിരുന്നു. മുഖ്യമന്ത്രി എത്തിയാല്‍ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കണമെന്നും എല്ലാ ആദരവോടെയും അദ്ദേഹത്തെ സ്വീകരിക്കണെമന്നും ഡിസിസി നേതൃത്വത്തിന് കെപിസിസി നിര്‍ദേശവും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡിസിസി നേതൃത്വത്തെ ആരും സമീപിച്ചിട്ടില്ല. മാടമ്പിമാര്‍ കൊന്നു തള്ളിയ കീഴാളരുടെ കഥ എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തിലെ സിപിഎമ്മിന്റെ മാടമ്പിമാര്‍ നടത്തുന്നത്. സിപിഎം കൊന്നുതള്ളിയവര്‍ ഏറെയും പിന്നോക്ക ജാതിയിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവരുമാണ്. മാടമ്പി സംസ്‌കാരം ഉള്ളില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ് സി.പി.എം ഇന്ന് വരെ ഒരു പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ പൊളിറ്റ് ബ്യൂറോയില്‍ എടുക്കാത്തതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇതിനിടെ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും ഇന്ന് അന്വേഷണ പുരോഗതി വിലയിരുത്താന്‍ പെരിയയില്‍ എത്തുന്നുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: