X

എണ്ണവില വര്‍ധന: നികുതി കുറച്ചാലും കേന്ദ്രത്തിന് കൊള്ളലാഭം

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നുള്ള ജനരോഷം മറികടക്കാന്‍ നികുതി കുറച്ചെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വരുമാനത്തില്‍ കുറവുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.

നികുതി കുറച്ചതിലൂടെ പ്രത്യക്ഷത്തില്‍ 13,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ മോദി സര്‍ക്കാറിന്റെ ആദ്യ വര്‍ഷം ഇന്ധന നികുതി വഴി ലഭിച്ച വരുമാനത്തേക്കാള്‍ 2.75 മടങ്ങ് കൂടുതലായിരിക്കും ഈ വര്‍ഷത്തെ നികുതി വരുമാനമെന്നാണ് വിലയിരുത്തല്‍.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ ഇനത്തില്‍ 2.73 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.42 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ലഭിച്ചത്. തൊട്ടു മുമ്പത്തെ വര്‍ഷത്തേക്കാള്‍ 13 ശതമാനം കൂടുതലായിരുന്നു ഇത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസം കൊണ്ടു മാത്രം(ഏപ്രില്‍- ജൂണ്‍) 91,000 കോടി രൂപയാണ് ഇന്ധന നികുതി ഇനത്തില്‍ ലഭിച്ചത്. 2017 ജൂലൈ – 2018 മാര്‍ച്ച് കാലയളവില്‍ പ്രതീക്ഷിക്കുന്നത് 1.95 ലക്ഷം കോടി രൂപയുടെ വരുമാനമാണെന്ന് നികുതി കുറക്കുന്നതിന് ഒരാഴ്ച മാത്രം മുമ്പ് പുറത്തിറക്കിയ അസസ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതായത് നടപ്പു വര്‍ഷത്തെ ആകെ വരുമാനം 2.86 ലക്ഷം കോടി രൂപയാകുമെന്ന് ചുരുക്കം. ഇതില്‍നിന്ന് നികുതി ഒഴിവ് വഴിയുള്ള വരുമാനക്കമ്മി കുറച്ചാലും തൊട്ടു മുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ലക്ഷം കോടി രൂപയാണ് സര്‍ക്കാറിന് ലഭിക്കുന്ന അധിക വരുമാനം.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞതോടെ പെട്രോളിനും ഡീസലിനും പ്രത്യേക ലെവി ഏര്‍പ്പെടുത്തിയാണ് കേന്ദ്രം ആഭ്യന്തര വിപണിയില്‍ വില കുറയുന്നതിന് തടയിട്ടത്. 2014ല്‍ അസംസ്‌കൃത ഇന്ധനം ബാരലിന് 112 ഡോളര്‍ വരെ ആയിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇത് 30 ഡോളര്‍ വരെയായി താഴ്ന്നിരുന്നു. എന്നാല്‍ പെട്രോളിന് ലിറ്ററിന് 11.77 രൂപയും ഡീസലിന് ലിറ്ററിന് 13.47 രൂപയും ലെവി വര്‍ധിപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. അസംസ്‌കൃത ഇന്ധന വില പിന്നീട് ഉയര്‍ന്നെങ്കിലും ലെവി മാറ്റമില്ലാതെ നിലനിര്‍ത്തുന്നതും ഇന്ധന വില വര്‍ധനക്ക് ആക്കം കൂട്ടുന്നുണ്ട്.

chandrika: