പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പെട്ടിമുടിയാറില്‍ നിന്ന് 14 കിലോമീറ്റര്‍ താഴെ ഭൂതക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. പത്ത് പേരടങ്ങുന്ന അഗ്‌നിശമന സംഘം മൃതദേഹം പുറത്തെത്തിക്കാനുള്ള നടപടി തുടങ്ങി.

പുഴയില്‍ പാറക്കൂട്ടത്തിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം. പെട്ടിമുടില്‍ വച്ച് തന്നെ ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇതോടെ പെട്ടിമുടിയില്‍ മരിച്ചവരുടെ എണ്ണം 66 ആയി. 70 പേരാണ് പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടത്. ഇനി നാല് പേരെകൂടിയാണ് കണ്ടെത്താന്‍ ഉള്ളത്. പ്രതികൂല കാലാവസ്ഥ കാരണം ഒരാഴ്ച മുന്‍പ് പെട്ടിമുടിയിലെ തെരച്ചില്‍ ജില്ലാ ഭരണകൂടം അവസാനിപ്പിച്ചിരുന്നു.