X

പി.എച്ച്.ഡി അപേക്ഷ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അലി ഹുസൈന്‍ വാഫി

ഏതെങ്കിലുമൊരു വിഷയത്തില്‍ ഡോക്ടറല്‍ ബിരുദം നേടാന്‍ സ്വപ്നം കണ്ടിരിക്കുന്നവര്‍ കാര്യമായി ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എച്ച്ഡി.ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. മാനവിക,ശാസ്ത്ര, സാങ്കേതിക, മാനേജ്‌മെന്റ്,ഭാഷാ പഠനമേലകളില്‍ ഗവേഷണ അഭിരി ചിയുള്ളവര്‍ക്ക് യു.ജി.സി, സി.എസ്.ഐ.ആര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് പി.എച്ച്.ഡി ഗവേഷണ ബിരുദത്തിന് ചിട്ടയായ തയ്യാറെടുപ്പോടെ ഇപ്പോള്‍ ഒരുങ്ങാവുന്നതാണ്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

ഏതങ്കിലും വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാസ്റ്റര്‍ ബിരുദമുണ്ടങ്കില്‍ നിങ്ങള്‍ക്ക് പി.എച്ച്.ഡിക്ക് ശ്രമിക്കാം.യു.ജി സി/സി.ഐ.എസ്.ആര്‍ നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET),ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് (JRF) തുടങ്ങിയ യോഗ്യതാ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് പ്രവേശനപരീക്ഷയുടെ ആവശ്യമില്ല.അവര്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരായാല്‍ മതി. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

പ്രവേശനപരീക്ഷ

സ്വന്തം വിഷയത്തിലെ അടിസ്ഥാന മേഖലകളെക്കുറിച്ചും ഗവേഷണ രീതിശാസ്ത്രത്തെക്കുറിച്ചുമുള്ള പരിജ്ഞാനം പരിശോധിക്കുന്ന തരത്തിലാവും പ്രവേശനപ്പരീക്ഷ.സാധാണ ഗതിയില്‍ 50 ശതമാനം മാര്‍ക്ക് റിസര്‍ച്ച് രീതി ശാസ്ത്രത്തിനും ശേഷിക്കുന്ന അന്‍പത് മാര്‍ക്ക് വിഷയത്തിലെ അറിവിനുമാകും .

പ്രൊപോസല്‍ പ്രസന്റേഷന്‍

പ്രവേശന പരീക്ഷയില്‍ കട്ട് ഓഫ് മാര്‍ക്കിന് മുകളില്‍ സ്‌കോര്‍ നേടിയവരെ റിസര്‍ച്ച് പ്രപ്പോസല്‍ അവതരണത്തിന് ക്ഷണിക്കുന്നു.ഇതിലെ പ്രകടനം കൂടി പരിഗണിച്ചാണ് പി.എച്ച്.ഡിക്ക് യോഗ്യത നേടുക.
ഗവേഷണത്തിന്റെ വിഷയത്തെക്കുറിച്ചും അവലംബിക്കുന്ന രീതിശാസ്ര്ത്രത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കുന്ന ഒരു സംഗ്രഹമാണ് റിസര്‍ച്ച് പ്രൊപ്പോസല്‍.ഗവേഷണ വിഷയം,പഠനം നടത്താന്‍ ഉദ്ദേശിക്കുന്ന മേഖലയില്‍ മുന്‍പ് നടന്ന പഠനങ്ങള്‍,രീതി ശാസ്ത്രം,ഡാറ്റാ കളക്ഷന്‍ ക്രമം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാവണം പ്രൊപോസല്‍.ഇത് ഡി.ആര്‍.സി ( ഡിപ്പാര്‍ട്ട്‌മെന്റ് റിസര്‍ച്ച് കമ്മിറ്റി)ക്ക് മുമ്പാകെ അവതരിപ്പിക്കണം.

കോഴ്സ് വര്‍ക്ക്

പി.എച്ച്ഡി. ഗവേഷണങ്ങള്‍ക്ക് കോഴ്സ് വര്‍ക്ക് നിര്‍ബന്ധമാണ്. എം.ഫില്‍ ഉള്ളവര്‍ക്ക് കോഴ്‌സ് വര്‍ക്ക് നിര്‍ബന്ധമില്ല.ആറു മാസം നീണ്ടുനില്‍ക്കുന്ന, നിശ്ചിത ശതമാനം ഹാജര്‍ നിര്‍ബന്ധമുള്ള ഒരു ക്ലാസ്റൂം പദ്ധതിയാണ് ഇത്.സാധാരണ ഗതിയില്‍ മൂന്ന് പേപ്പറുകളാണ് ഉണ്ടാകാറ്. വിഷയത്തിലെ പൊതു മേഖലയുമായി ബന്ധപ്പെട്ടതാണ് ഒന്നാം പേപ്പര്‍.ഗവേഷണ രീതി ശാസ്ത്രത്തിലൂന്നിയതാവും രണ്ടാം പേപ്പര്‍.വിദ്യാര്‍ത്ഥി തെരഞ്ഞെടുത്ത ഗവേഷണ വിഷയത്തിലെ വിശാലമായ അറിവും ആശയാടിത്തറയും പരിശോധിക്കുന്നതാവും മൂന്നാം പേപ്പര്‍. കോഴ്സ് വര്‍ക്ക് വിജയകരമായി പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമാണ്.
ഒരു റിസര്‍ച്ച് ഗൈഡിന്റെ നിരീക്ഷണത്തിലാണ് പി.എച്ച്.ഡി ഗവേഷണം നടത്തേണ്ടത്.റിസര്‍ച്ച് ഗൈഡും ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റൊരു അധ്യാപകന്‍ മെമ്പറുമായ ഡോക്ടറല്‍ കമ്മിറ്റിയാണ് ഗവേഷകന്റ പുരോഗതി വിലയിരുത്തുന്നത്. ഓരോ ആറ് മാസത്തിലും ഈ സമിതിയുടെ മുമ്പാകെ ഗവേഷകന്‍ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിക്കണം.ഗവേഷണ കാലയളവില്‍ നിശ്ചിത എണ്ണം സെമിനാറുകളില്‍ പേപ്പര്‍ അവതരണവും ദേശീയ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ ഗവേഷണ ലേഖനം പ്രസിദ്ധീകരിക്കുകയും വേണം.

ഗവേഷണ കാലം

മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷമാണ് തീസിസ് സമര്‍പ്പിക്കാനുള്ള മിനിമം കാലയളവ്. സാഹചര്യമനുസരിച്ച് ഇത് ആറ് വര്‍ഷം വരെ നീട്ടിക്കിട്ടാറുണ്ട്.എം.ഫില്‍ ഡിഗ്രി ഉള്ളവര്‍ക്ക് രണ്ടര വര്‍ഷം കൊണ്ട് സമര്‍പ്പിക്കാം.

ഓപ്പണ്‍ ഡിഫന്‍സ്

മൂന്ന് വര്‍ഷത്തിലധികം നീണ്ട ഗവേഷണ പ്രബന്ധം യൂണിവേഴ്‌സിറ്റിക്ക് സമര്‍പ്പിക്കുന്നതോടെ ഗവേഷണം അന്ത്യത്തിലെത്തുന്നു.
മൂന്നോ അതിലധികമോ എക്സ്റ്റേണല്‍ എക്സാമിനര്‍മാര്‍ പരിശോധിച്ച് അംഗീകാരം ലഭിക്കുന്ന ഗവേഷണ പ്രബന്ധം അവതരിപ്പിക്കലാണ് അടുത്ത ഘട്ടം.ഗവേഷണ വിദ്യാര്‍ഥിക്ക് തന്റെ കണ്ടെത്തലിനെക്കുറിച്ച് പൊതു സമക്ഷം വിശദീകരിക്കാനും സംശയ നിവാരണം നടത്താനും അവസരം നല്‍കും. എക്സ്റ്റേണല്‍ എക്സാമിനര്‍മാരില്‍ നിന്ന് ഒരാളും ഗൈഡും അക്കാദമിക് സമൂഹവും ഒക്കെ ചേര്‍ന്ന പൊതു സദസ്സില്‍ വച്ചു നടക്കുന്ന ഈ പരിപാടിക്ക് ഓപ്പണ്‍ ഡിഫന്‍സ് എന്നാണു പേര്.ഇതില്‍ വിജയിക്കുന്നവര്‍ക്ക് ഡോക്ടറേറ്റ് (ഡോക്ടറേറ്റ് ഓഫ് ഫിലോസഫി അഥവാ പി.എച്ച്ഡി.)നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു.

സ്‌കോളര്‍ഷിപ്പുകള്‍

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാറും സര്‍ക്കാറിതര ഏജന്‍സികളും നല്‍കാറുണ്ട്.ജെ.ആര്‍.എഫ് ആണ് ഇതില്‍ മുഖ്യമായത്.പുതുക്കിയ നിരക്കനുസരിച്ച് മാസത്തില്‍ 31000 രൂപയും എച്ച്.ആര്‍.എ യും കണ്ടിജന്‍സി ഫണ്ടും അടങ്ങുന്നതാണിത്.
കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് വിവിധ പ്രൊജക്ടുകളുടെ ഫണ്ടുകളും ലഭിക്കാറുണ്ട്.ഐ.സി.എസ്.ആര്‍, എന്‍.സി.ആര്‍.ടി തുടങ്ങിയ ബോഡികളും വിവിധ വിഷയങ്ങളില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പട്ടികജാതി,പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങിലെ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്.ഒരു സ്‌കോളര്‍ഷിപ്പും ലഭിക്കാത്തവര്‍ക്കും യൂണിവേഴ്‌സിറ്റികള്‍ സ്‌റ്റൈപന്റ് നല്‍കാറുണ്ട്.

പ്രത്യേകം ശ്രദ്ധിക്കേണ്ടവ

പി.എച്ച്.ഡിക്ക് ചേരുമ്പോള്‍ നിലവാരമുള്ള സര്‍വകലാശാലകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങള്‍ നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണ സെന്ററുകള്‍ നടത്തുന്നുണ്ടോ എന്ന് ആദ്യമേ മനസിലാക്കണം. ഗവേഷണത്തിന് ഇഷ്ടമുള്ള മേഖലയില്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു മനസിലാക്കി വയ്ക്കണം.ഇതിനായി പരിചയസമ്പന്നരുടെ ഉപദേശം തേടുന്നത് ഗുണം ചെയ്യും.എല്ലാ പി.എച്ച്ഡി.ഗവേഷണ പ്രബന്ധങ്ങളും സമര്‍പ്പിക്കപ്പെടുന്നത് ഒരു റിസര്‍ച്ച് ഗൈഡിന്റെ സഹായത്തോടുകൂടി മാത്രമാണ്.അതിനാല്‍ നിങ്ങളുടെ മേഖലയില്‍ അനുയോജ്യരായ ഒരാളെ അവരുടെ ലഭ്യത മനസിലാക്കി നേരത്തെ കണ്ടെത്തണം. ചുരുങ്ങിയത് മൂന്ന് വര്‍ഷം നീളുന്ന ഒരു പഠന സമര്‍പ്പണ സപര്യയാണ് ഒരാള്‍ക്ക് പി.എച്ച്ഡി. നേടിക്കൊടുക്കുന്നത്.അതിനാല്‍ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത്.
കൃത്യമായ ചിട്ടയും ഒരു വിഷയത്തില്‍ ആഴത്തില്‍ പഠിക്കാനും താല്‍പര്യപ്പെടുന്നവര്‍ക്ക് കടന്ന് വരാവുന്ന മേഖലയാണ് ഗവേഷണ രംഗം.പുതിയ കാലത്ത് അധ്യാപന, ഭരണ,ഗവേഷണ രംഗങ്ങളില്‍ പി.എച്ച്.ഡി ക്കാര്‍ക്ക് തോഴില്‍ സാധ്യതകളുണ്ട്.

(കാസര്‍ക്കോട് കേരള കേന്ദ്ര സര്‍വകലാശാലയില്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

web desk 1: