മനില: മുന്നറിയിപ്പുകള്‍ ലംഘിച്ച് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോഴും സംയമനം പാലിക്കണമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ടെ അമേരിക്കയോട് ആവശ്യപ്പെട്ടു. ലോകം അവസാനിപ്പിക്കാനാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശ്രമിക്കുന്നതെന്നും അയാളുടെ കൈകളില്‍ കളിപ്പാവയാകരുതെന്നും ട്യുടര്‍ടെ പറഞ്ഞു.

അമേരിക്കക്കും ഉത്തരകൊറിയക്കുമിടയിലെ സംഘര്‍ഷം തെക്കുകിഴക്കന്‍ ഏഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒരു ചുവട് തെറ്റിയാല്‍ വന്‍ ദുരന്തമുണ്ടാകും. ആണവ യുദ്ധത്തിന്റെ ആദ്യ ഇരയായി ഏഷ്യ മാറുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. മിസൈലുകള്‍ തൊടുത്തുവിടാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുമായാണ് അമേരിക്കയും ജപ്പാനും ദക്ഷിണകൊറിയയും ചൈനയും കൊമ്പുകോര്‍ക്കുന്നത്. ഉന്നുമായി ഏറ്റുമുട്ടാന്‍ പോകരുതെന്ന് ഞാന്‍ ട്രംപിനെ ഉപദേശിക്കുന്നു. അമേരിക്കയും ഉത്തരകൊറിയയും തങ്ങളുടെ കളിപ്പാട്ടങ്ങളുമായി കളിക്കുകയാണ്. ആ കളിപ്പാട്ടങ്ങള്‍ വിനോദത്തിനുള്ളതല്ല. ഉത്തരവാദപ്പെട്ട രാജ്യമെന്ന നിലയില്‍ ഉന്നിന്റെ പ്രകോപനങ്ങള്‍ക്ക് അമേരിക്ക ഇരയാകില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാര്യങ്ങള്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ കരുതല്‍ പാലിക്കണമെന്ന് ട്രംപ് തന്റെ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും ട്യുടര്‍ടെ വ്യക്തമാക്കി.