ന്യൂഡല്‍ഹി: കോട്ടയം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വ്യോമയാന മന്ത്രിയെക്കണ്ട് ഇക്കാര്യം അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ഥലം തീരുമാനിച്ചാല്‍ എന്‍ഒസി നല്‍കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കും. ആറന്‍മുള വിമാനത്താവളത്തിന് പകരമല്ല എരുമേലിയിലെ വിമാനത്താവളം. അത് അടഞ്ഞ അധ്യായമാണ്. വിമാനത്താവളം വരേണ്ട സ്ഥലത്തെക്കുറിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇനിയത് കേന്ദ്രത്തെ അറിയിച്ചാല്‍ മതി. വിമാനത്താവളവുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.