X

പിണറായിയിലെ സൗമ്യയുടെ ആത്മഹത്യ; കുറിപ്പിലെ ‘ശ്രീ’യെ തേടി പൊലീസ്

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിനായി ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ജീവനക്കാരില്‍ നിന്നും ജയില്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് സന്ദര്‍ശനം.

അതേസമയം, ജയിലില്‍ വെച്ച് സൗമ്യയെഴുതിയ കുറിപ്പുകള്‍ പൊലീസ് പരിശോധിക്കുകയാണ്. സൗമ്യയുമായി ബന്ധമുണ്ടായിരുന്നവരുടെ വിവരങ്ങള്‍ കുറിപ്പിലുണ്ടെന്നാണ് വിവരം. ശ്രീയെന്ന ആളെക്കുറിച്ച് നേരത്തെ സൗമ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതാരാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോള്‍.

പിണറായി കൂട്ടക്കൊലപാതകത്തില്‍ നിരപരാധിയാണെന്നും കേസില്‍ മറ്റൊരാള്‍ക്ക് പങ്കുണ്ടെന്നുമാണ് ഡയറിക്കുറിപ്പിലുള്ളത്. മരിക്കുന്നതിനു മുമ്പ് ജയില്‍ വെച്ച് എഴുതിയ കുറിപ്പിലാണ് പരാമര്‍ശമുള്ളത്. മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലായിരുന്നു സൗമ്യയുടെ കുറിപ്പ്.

കൊലപാതകത്തില്‍ പങ്കില്ലെന്ന് തെളിയുന്നതു വരെ തനിക്ക് ജീവിക്കണം. മറ്റെല്ലാം നഷ്ടമായ തനിക്ക് ഏക ആശ്രയം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. ഈ അമ്മ അവനെ കൊല്ലും. എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലില്‍ തിരിച്ചെത്തും. ‘എന്റെ കുടുംബം എനിക്ക് ബാധ്യതയല്ലായിരുന്നുവെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്ക് പങ്കില്ലെന്ന് തെളിയിക്കുന്നതു വരെ ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും’, ഇതാണ് കുറിപ്പിലുള്ളത്.

കുടുംബത്തിന്റെ കൂട്ടകൊലപാതകം സൗമ്യക്ക് നേരിട്ട് നടത്താനാകില്ലെന്ന് മറ്റാര്‍ക്കോ ഇതില്‍ പങ്കുണ്ടെന്നായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. സൗമ്യയുടെ സുഹൃത്തിന് സംഭവത്തില്‍ പങ്കുണ്ടെന്നും ഇയാള്‍ കേസ് അന്വേഷണം അട്ടിമറിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.

chandrika: