കോഴിക്കോട്: സ്വാശ്രയ കോളജ് വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ദേവഗിരി കോളജിന്റെ വജ്രജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ കച്ചവടത്തോട് പുറം തിരിഞ്ഞ് നിന്നവരായിരുന്നു ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍. എന്നാല്‍ നിലവില്‍ സ്വാശ്രയ കച്ചവടത്തില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരും ഭാഗമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയ മേഖലയിലെ കൊള്ളയും ക്രമക്കേടും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ലാഭേച്ഛയോടെയാണ് പലരും ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. അബ്കാരികള്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്ന സാഹചര്യമാണുള്ളത്. സ്വാശ്രയ മേഖലയില്‍ നടക്കുന്ന അഴിമതിയും കൊള്ളയും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.