X

മദ്യപിച്ചില്ലെന്ന് ശ്രീറാം മാത്രമേ പറയൂ; പഴുതടച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കെ.എം ബഷീറിനെ വണ്ടിയിടിച്ചു കൊന്നകേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആ സമയത്ത് വണ്ടി ഓടിക്കാനിടയായ സാഹചര്യം മുതല്‍ ഒട്ടേറെ കാര്യങ്ങള്‍ അന്വേഷണ പരിധിയിലുണ്ടെന്ന് മുഖ്യമന്ത്രി.

അമിത വേഗത്തിലാണ് വണ്ടിയോടിച്ചാണ് അപകടമുണ്ടായത് എന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ അടക്കം പൊലീസിന് ഉണ്ടായ വീഴ്ചകള്‍ പ്രത്യേകം പരിശോധിക്കും. നടപടികളിലുണ്ടായ വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിര്‍ദ്ദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാല്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും ആരേയും വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമെ പറയു. എന്താണ് സംഭവിച്ചതെന്ന് പൊതുവെ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തില്‍ അടക്കം വിശദമായ അന്വേഷണം നടക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു. കെഎം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാരിന്റെ പ്രത്യേക പരിഗണനയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

chandrika: