തിരുവനന്തപുരം: ലൈഫ് മിഷന്‍ മിഷനുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയില്‍ എംഎല്‍എയാണ് ആരോപണം ഉന്നയിച്ചത് എ്ന്നു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ വേളയില്‍ ‘ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നി വിളിച്ചു പറഞ്ഞാല്‍ അത് ആരോപണമായി വരുമോ? നിങ്ങള്‍ നല്ല അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് നടത്തുന്നത് എന്നല്ലേ പറയുന്നത്. ആ വഴിയിലേക്ക് ഒന്ന് ചിന്തിച്ചു നോക്കൂ… തല്‍ക്കാലം വേറെയാള്‍ക്ക് കൊടുക്ക് മൈക്ക്’ – എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

‘ ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണം നടക്കട്ടെ. കേരളത്തില്‍ നടന്നു എന്നു പറയുന്ന കുറ്റകൃത്യത്തില്‍ ഇവിടത്തെ ഏജന്‍സിയെ വച്ചാണ് അന്വേഷിക്കുക. പിന്നെ ആ പൂതി മനസ്സില്‍ വച്ചാല്‍ മതി കെട്ടാ. ഈ മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും ഒക്കെ ഇതിന്റെ ഭാഗമായി ആരെല്ലാം ചോദ്യം ചെയ്യാന്‍ പോകുകയാണ് എന്ന് ധരിച്ചുവയ്ക്കുന്നതില്ലേ, അതങ്ങു മനസ്സില്‍ വച്ചാല്‍ മതി’ – മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷമാണ് ലൈഫ് മിഷന്‍ പദ്ധതി ആരോപണം ഉന്നയിച്ചത് എന്ന് ചൂണ്ടിക്കാട്ടിയ വേളയില്‍ ‘ പ്രതിപക്ഷമല്ലല്ലോ ഇപ്പോള്‍ നിങ്ങളാണ് പറഞ്ഞത്. അതാണ് ഞാന്‍ പറഞ്ഞത്. ആ മാനസികാവസ്ഥയിലാകരുത് എന്ന്. നിങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണ വിധേയമായ സംഭവമാണ് ലൈഫ് മിഷന്‍ എന്ന ചോദ്യത്തിന് ‘അതങ്ങു മനസ്സില്‍ വച്ചാല്‍ മതി, ഏതാരോപണമാണ്, എന്താരോപണം, ആര്‍ക്കെതിരെ ആരോപണം. എന്തസംബന്ധവും വിളിച്ചു പറയാന്‍ തയ്യാറുള്ള ഒരു നാക്കുണ്ട് എന്നുള്ളതു കൊണ്ട് എന്തും പറയാന്‍ തയ്യാറാകാരുത്’ – എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

അങ്ങനെ ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അത് ആക്ഷേപമല്ല, അസംബന്ധം പറയരുത് എന്നായിരുന്നു മറുപടി. അസംബന്ധം പറയരുത് എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നിങ്ങള്‍ക്ക് വേറെ എന്തോ ഉദ്ദേശ്യമാണ് അതിന് താന്‍ വഴങ്ങാന്‍ തയ്യാറല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ വിജിലന്‍സ് അന്വേഷണം നടക്കട്ടെ. സര്‍ക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തതയാണ് ഞാന്‍ നല്‍കുന്നത്. അത് കേള്‍ക്കാനുള്ള ക്ഷമ നിങ്ങള്‍ കാണിക്കേണ്ടേ. അസംബന്ധ ചോദ്യത്തിന് അസംബന്ധം എന്നേ പറയാന്‍ പറ്റൂ’ – അദ്ദേഹം വ്യക്തമാക്കി.