X
    Categories: MoreViews

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: യൂത്ത്‌ലീഗ്

കോഴിക്കോട്: സംസ്ഥാന ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് യുവമോര്‍ച്ചയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ കയ്യിലുള്ള ലാത്തി ആര്‍.എസ്.എസ്സിന്റെ കുറുവടിയായി മാറിയാല്‍ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ദേശീയ ഗാനത്തെ അവഹേളിച്ചുവെന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം.
ദേശീയഗാനം രചിച്ചത് ബ്രിട്ടീഷ് ഭരണാധികാരികളെ സ്വീകരിക്കാനാണെന്ന് അപമാനിച്ച് സംസാരിച്ച ശശികല ടീച്ചര്‍ക്കെതിരെയും സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധ ദേശീയഗാനം ചൊല്ലിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെയും കേസെടുക്കാന്‍ തയ്യാറാവാത്ത പിണറായിയുടെ പോലീസ് എഴുത്തുകാര്‍ക്കെതിരെയും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യാജ കേസുകള്‍ ചമക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ്. ഐ.പി.സി 124എ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ വകുപ്പ് ഇത്തരം കേസുകളില്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരവധി കോടതി വിധികളിലൂടെ വ്യക്തമായതാണ്.
ദേശീയഗാനത്തെ അപമാനിച്ചുവെന്ന പരാതി ശരിയാണെങ്കില്‍ തന്നെ 1971ല്‍ പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക ആക്ട് ഉപയോഗിച്ച് മാത്രമേ കേസെടുക്കാന്‍ നിവൃത്തിയുള്ളൂ. ഈ വകുപ്പ് പ്രകാരം ഒരാള്‍ കുറ്റം ചെയ്താല്‍ പരമാവധി ലഭിക്കാവുന്ന ശിക്ഷ മൂന്ന് വര്‍ഷമാണ്. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് പാടില്ലെന്നും, നോട്ടീസ് നല്‍കി പ്രതിയോട് ഹാജരാവാന്‍ ആവശ്യപ്പെടാന്‍ മത്രമേ പാടുള്ളൂവെന്നും സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. സുപ്രീംകോടതിയുടെ വിധിന്യായത്തെ കാറ്റില്‍ പറത്തിയാണ് കമല്‍ സി ചവറയെ മണിക്കൂറുകളോളം പോലീസ് പീഡിപ്പിച്ചത്.
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് സംഘ്പരിവാര്‍ ഇംഗിതത്തിനൊത്താണോയെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം. ദേശീയതയെ സംബന്ധിച്ച് ബി.ജെ.പിയുടെയും സംഘ്പരിവാരിന്റെയും കാഴ്ചപ്പാടാണോ സി.പി.എമ്മിനുള്ളത്. ന്യൂനപക്ഷ വോട്ടു ലക്ഷ്യമിട്ടുള്ള സംഘ്പരിവാര്‍ വിരുദ്ധ വാചക കസര്‍ത്തിനപ്പുറം സി.പി.എമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത പൊള്ളയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നേരെ നടക്കുന്ന പൊലീസ് വേട്ട വ്യക്തമാക്കുന്നത്.
വ്യാജ ഏറ്റുമുട്ടലിനെ കുറിച്ച് ചോദിക്കുമ്പോള്‍ പൊലീസിന്റെ ആത്മവീര്യം തകര്‍ക്കരുതെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ മറുപടി. മോദിയുടെ മനസാക്ഷിയാണെന്ന് ഇപ്പോഴത്തെ ഡി.ജി.പി ലോക്‌നാഥ് ബഹറയെ കുറിച്ച് ആക്ഷേപമുണ്ടായിരുന്നു. സംഘ്പരിവാര്‍ അജണ്ടയോടെ കേരളത്തിലെ പൊലീസ് തുടര്‍ച്ചയായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സാഹിത്യകാരന്മാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ നടത്തുന്ന അമിതാവേശ നടപടികള്‍ക്കെതിരെ യോജിച്ച പോരാട്ടം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ പി.ജി. മുഹമ്മദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

chandrika: