X

കോണ്‍ഗ്രസിന്റെ കൂടി വോട്ട് വാങ്ങിയാണ് സി.പി.എം ഹിമാചലില്‍ വിജയിച്ചത്; പിണറായിയെ വിമര്‍ശിച്ച് പി.കെ ഫിറോസ്

കോഴിക്കോട്: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുവേണ്ടി ഏക സീറ്റ് നേടിയ രാകേഷ് സിന്‍ഹയെ അഭിനന്ദിച്ച് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നുവെന്നിരിക്കെ മുഖ്യമന്ത്രി ഇതു നിഷേധിച്ച് കൊണ്ട് അഭിനന്ദനം അറിയിച്ചതാണ് ഫിറോസിനെ പ്രകോപിപ്പച്ചത്.

‘തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണക്കുകയായിരുന്നു. എന്ന് വെച്ചാല്‍ കോണ്‍ഗ്രസിന്റെ കൂടി വോട്ട് വാങ്ങിയാണ് സി.പി.എം അവിടെ വിജയിച്ചത്. കാരണം മറ്റൊന്നുമല്ല മുഖ്യ ശത്രു ബി.ജെ.പിയാണ്. എന്നിട്ടും മ്മടെ മുഖ്യമന്ത്രി പറഞ്ഞത് നോക്കൂ. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിരിട്ടാണ് ജയിച്ചതത്രേ! ഉളുപ്പ് വേണം ഉളുപ്പ്’ ഫിറോസ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

‘ഹിമാചലില്‍ തിയോഗ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച രാകേഷ് സിംഗയെ അഭിനന്ദിക്കുന്നു.’ എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് പി.കെ ഫിറോസിന്റെ പ്രതികരണം.

‘ ഇനി ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ സി.പി.എം നിലപാട് എന്തായിരുന്നു. സംശയമില്ല ബി.ജെ.പി തോല്‍ക്കണം. അപ്പോ കോണ്‍ഗ്രസോ? കോണ്‍ഗ്രസ് ജയിക്കാനും പാടില്ല. എന്താ കാരണം. നവലിബറല്‍ നയങ്ങള്‍. ഒലക്കേടെ മൂട്’ സി.പിഎമ്മിന്റെ നിലപാടിനെ പരിഹസിച്ച് കൊണ്ടാണ് ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ ശക്തയായ പ്രതിനിധി വിദ്യ സ്‌റ്റോക്‌സ് ആയിരുന്നു വര്‍ഷങ്ങളായി നിയമസഭയില്‍ തിയോഗിനെ പ്രതിനിധീകരിച്ചിരുന്നത്. ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ അഡ്മിനിസ്‌റ്റേറ്ററായിരുന്ന വിദ്യ സ്‌റ്റോക്‌സ് എട്ടു തവണ ഹിമാചല്‍ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി വിദ്യ സ്‌റ്റോക്‌സിന്റെ പത്രിക തള്ളപ്പെടുകയായിരുന്നു. പത്രികയിലെ പിഴവുകളാണ് ഇതിന് ഇടയാക്കിയത്. അതോടെ തിയോഗിന്റെ തിരഞ്ഞെടുപ്പു ചിത്രം അടിമുടി മാറി. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി ദീപക് റാത്തോറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാക്കിയായത്. ഇയാള്‍ 9101 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഹിമാചല്‍പ്രദേശിലെ തിയോഗ നിയമസഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വിജയം. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണക്കുകയായിരുന്നു. എന്ന് വെച്ചാല്‍ കോണ്‍ഗ്രസിന്റെ കൂടി വോട്ട് വാങ്ങിയാണ് സി.പി.എം അവിടെ വിജയിച്ചത്. കാരണം മറ്റൊന്നുമല്ല മുഖ്യ ശത്രു ബി.ജെ.പിയാണ്. എന്നിട്ടും മ്മടെ മുഖ്യമന്ത്രി പറഞ്ഞത് നോക്കൂ. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിരിട്ടാണ് ജയിച്ചതത്രേ! ഉളുപ്പ് വേണം ഉളുപ്പ്!!

ഇനി ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ സി.പി.എം നിലപാട് എന്തായിരുന്നു. സംശയമില്ല ബി.ജെ.പി തോല്‍ക്കണം. അപ്പോ കോണ്‍ഗ്രസോ? കോണ്‍ഗ്രസ് ജയിക്കാനും പാടില്ല. എന്താ കാരണം. നവലിബറല്‍ നയങ്ങള്‍. ഒലക്കേടെ മൂട്….

chandrika: