കോഴിക്കോട്: മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരെ നടക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരത അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമൊപ്പം നിന്നതാണ് രാജ്യത്തിന്റെ ചരിത്രം. ആ യശസ്സിനും ചരിത്രത്തിനും കളങ്കമുണ്ടാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ റോഹിംഗ്യന്‍ വിഷയത്തില്‍ സ്വീകരിക്കുന്നത്. ഇത് ഞെട്ടലുണ്ടാക്കുന്നതാണ്. ഇപ്പോള്‍ ഇന്ത്യ പെരുമാറുന്നത് ഫാസിറ്റ് രാജ്യത്തെ പോലയാണ്. അഭയാര്‍ഥികളോ മ്യാന്‍മറിലെ അക്രമങ്ങളോ വിഷയമേയല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്.
യു.എന്‍ പോലും അപലപിച്ച ക്രൂരതക്കെതിരെ മനസാക്ഷി ഉണരണം. ഈ പ്രശ്‌നത്തില്‍ വിവിധ സാംസ്‌കാരിക, മത സംഘടനകള്‍ പ്രതിഷേധ പാതയിലാണ്. ഗാന്ധിജിയുടെ രാജ്യത്തിന് ഇതെങ്ങിനെ നോക്കിനില്‍ക്കാന്‍ കഴിയും. ഫലസ്തീനിലും ദക്ഷിണാഫ്രിക്കയിലും മ്യാന്‍മറില്‍ തന്നെ ആങ്‌സാന്‍ സൂക്കിയെ തടവിലിട്ടപ്പോഴുമെല്ലാം ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സൂക്കിയുടെ ഭരണത്തിന് കീഴില്‍ ഇപ്പോള്‍ നടക്കുന്ന ദൃശ്യങ്ങള്‍ ഞെട്ടലോടെയും വേദനയോടെയുമല്ലാതെ കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെടുന്നതിന് ബന്ധപ്പെട്ടവരുമായി മുസ്്‌ലിംലീഗ് ചര്‍ച്ച നടത്തും. 11ന് മുസ്്‌ലിം യൂത്ത്‌ലീഗ് ഡല്‍ഹിയിലെ മ്യാന്‍മര്‍ എമ്പസിക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തും. ഒമ്പതിന് കോഴിക്കോട് മുതലക്കുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
റോഹിങ്ക്യന്‍ ജനതയുടെ കണ്ണീരൊപ്പാനും അവര്‍ക്ക് അഭയം നല്‍കാനും അമാന്തിക്കുന്നത് തീരാ കളങ്കമാവും. ഹൃദയഭേദകമായ വാര്‍ത്തകളോട് ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളുമെല്ലാം പുറം തിരിഞ്ഞ് നില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.