X

തീവ്രവാദം: പൗരത്വം റദ്ദാക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

സിഡ്‌നി: അക്രമങ്ങള്‍ തടയാന്‍ മുസ്്‌ലിം നേതാക്കള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന വിവാദ പ്രസ്താവനക്കു പിന്നാലെ, തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന പ്രഖ്യാപനവുമയായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. തീവ്രവാദ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ഓസ്‌ട്രേലിയക്കാര്‍ ആയാല്‍ പോലും രാജ്യത്തുനിന്ന് പുറത്താക്കാന്‍ ഭരണകൂടത്തിന് അധികാരം നല്‍കുന്ന രൂപത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഓസ്‌ട്രേലിയ നിലകൊള്ളുന്ന എല്ലാറ്റിനെയും നിരാകരിച്ചിരിക്കുകയാണ്. അത് ഒരിക്കലും പൊറുപ്പിക്കാനാവില്ല. അതിന് ഉത്തരവാദികളായവര്‍ക്ക് രാജ്യത്തുനിന്ന് പുറത്തുപോകേണ്ടിവരുമെന്നും മോറിസണ്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ അക്രമങ്ങള്‍ക്ക് മുസ്്‌ലിം സമുദായത്തെ കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മോറിസണ്‍ വിളിച്ചുകൂട്ടിയ യോഗം രാജ്യത്തെ മുസ്്‌ലിം നേതാക്കള്‍ ബഹിഷ്‌കരിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെയും മറ്റ് ഉന്നത നേതാക്കളുടെയും പ്രസ്താവനകള്‍ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതും നിരാശാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇറാഖില്‍നിന്നും സിറിയയില്‍നിന്നും വരുന്നവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്താനും ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന് നീക്കമുണ്ട്.

chandrika: