X

കൂപ്പുകുത്തുന്ന രൂപ- എഡിറ്റോറിയല്‍

ആഗോള സമ്പദ്ഘടന വീണ്ടും മാന്ദ്യത്തില്‍ അമരാന്‍ പോകുന്നുവെന്നാണ് ലോക വ്യാപാര സംഘടന നല്‍കുന്ന ഏറ്റവും പുതിയ മുന്നറിയിപ്പ്. ഡബ്ല്യു.ടി.ഒ മേധാവി ജനറല്‍ ഗോസി ഒകോഞ്ചോ ഇവേലയുടെ വിലയിരുത്തല്‍ പ്രകാരം ആഗോള സാമ്പത്തിക സൂചികകള്‍ നല്‍കുന്നത് നല്ല സൂചനകളല്ല. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവും വിലക്കയറ്റവും പണപ്പെരുപ്പും ഇന്ധന ക്ഷാമവുമെല്ലാം സമ്പദ്ഘടനയെ വലിച്ചുകൊണ്ടുപോകുന്നത് വന്‍ ദുരന്തത്തിലേക്കാണ്. ഈ വര്‍ഷം ആദ്യം മുറുമുറുപ്പില്‍ മാത്രമായി ഒതുങ്ങിയിരുന്ന മാന്ദ്യ ഭീഷണി ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വാപിളര്‍ത്തി വിഴുങ്ങാന്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ രൂപയ്ക്ക് റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച സംഭവിച്ചിരിക്കുന്നത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 81 കടന്നിരിക്കുന്നു. വരും ദിവസങ്ങളിലും മൂല്യം താഴോട്ട് പതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. രൂപയുടെ മൂല്യത്തില്‍ ഇടിവ് കണ്ടു തുടങ്ങിയതുമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില ഇടപെടലുകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല.

ബുധനാഴ്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 75 പോയിന്റ് ഉയര്‍ത്തിയതാണ് കിതച്ചുകൊണ്ടിരുന്ന രൂപക്ക് വലിയ ആഘാതമായത്. ഇത്തരമൊരു അപകട സാധ്യതയെക്കുറിച്ച് ലോക വ്യാപാര സംഘടന മുന്നറിയിപ്പ് നല്‍കിയതാണ്. വികസിത രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുമ്പോള്‍ വികസ്വര രാജ്യങ്ങളെയാണ് ഏറെ ബാധിക്കുക. രൂപയുടെ മൂല്യത്തകര്‍ച്ചക്കുണ്ടായ കാരണങ്ങള്‍ പലതാണ്. വിദേശ മൂലധനത്തിന്റെ ഒഴുക്ക് ആഗോളതലത്തില്‍ പ്രകമ്പനങ്ങളുണ്ടാക്കുമെന്നതുകൊണ്ട് അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഫലപ്രമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഏതൊരു രാജ്യവും മാന്ദ്യത്തില്‍ മുങ്ങിത്താവുകയേ ഉള്ളൂ. രാജ്യത്ത് വിലക്കയറ്റവും പണപ്പെരുപ്പവും ഉണ്ടാകുമ്പോള്‍ യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള വിദേശ സമ്മര്‍ദ്ദങ്ങളിലേക്ക് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. അതൊരു തരം ഒളിച്ചോട്ടമാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാറിനുള്ള ബലഹീനതയാണ് അതിലൂടെ വെളിപ്പെടുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ഇന്ത്യയില്‍ പ്രകമ്പനങ്ങളില്ലാതെപോയത് മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ അന്നത്തെ ഭരണകൂടം നടത്തിയ ഇടപെടലായിരുന്നു. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരില്‍ മന്‍മോഹനെ പോലൊരു സാമ്പത്തിക വിദഗ്ധന്‍ ഇല്ലെന്ന് മാത്രമല്ല, ദീര്‍ഘവീക്ഷണത്തോടെ സമ്പദ്ഘടനയെ സമീപിക്കാനും ഭരണൂടം തയാറല്ല.

രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ പരിഭ്രാന്തി വേണ്ടെന്നാണ് സര്‍ക്കാര്‍ അനുകൂലികളായ ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊരു ആശ്വാസ വര്‍ത്തമാനം മാത്രമാണ്. ഇന്ത്യന്‍ ഓഹരി വിപണികളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പിന്‍വലിയുന്നതിന്റെ ക്ഷീണം നേരത്തെ തന്നെയുണ്ട്. അതോടൊപ്പം മൂല്യത്തകര്‍ച്ച കൂടിയാകുമ്പോള്‍ നിയന്ത്രണങ്ങള്‍ പിടിവിടുന്ന സാഹചര്യമുണ്ടാകുന്നു. ഏഷ്യന്‍ കറന്‍സികള്‍ പൊതുവെ ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളിലും രൂപയുടെ ഇടിവ് തുടരാനാണ് സാധ്യത. വരും മാസങ്ങളില്‍ അത് ഡോളറിനെതിരെ 94 വരെ പോകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ റിപ്പോര്‍ട്ട്. കരുതല്‍ ശേഖരത്തില്‍നിന്ന് ഡോളര്‍ എടുത്തു വില്‍ക്കുകയും പകരം രൂപ വാങ്ങുകയുമാണ് മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ചെയ്യുന്ന പ്രധാന നടപടികളിലൊന്ന്. രൂപയുടെ മൂല്യം എണ്‍പത് തൊടുന്നത് തടയാന്‍ ജൂലൈയില്‍ മാത്രം റിസര്‍വ് ബാങ്ക് കരുതല്‍ ധനത്തില്‍നിന്ന് 19 ബില്യണ്‍ ഡോളര്‍ വിറ്റിരുന്നു. അതുപക്ഷേ, പേരിന് മാത്രമേ ഫലം ചെയ്തിട്ടുള്ളൂ. ഡോളറിനുള്ള ആവശ്യം ശക്തമാണെന്നുകൂടി ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ഡോളര്‍ വിറ്റ് പിടിച്ചുനില്‍ക്കാവുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ നിരന്തരം കൂട്ടിക്കൊണ്ടിരിക്കെ രൂപ ഇനിയും സമ്മര്‍ദ്ദത്തിലാകും. അന്താരാഷ്ട്രതലത്തില്‍ വന്‍കിട നിക്ഷേപകരെല്ലാം അമേരിക്കയിലേക്ക് പിന്‍വാങ്ങുകയും സ്വര്‍ണത്തെ ഏതാണ്ട് കൈവിട്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രൂപ ഇനിയും പ്രതിരോധത്തിലാവും. രൂപയേക്കാള്‍ ഇടിവുപറ്റിയ കറന്‍സികളുണ്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊരു മാതൃകയാക്കി മുന്നോട്ടുപോകാന്‍ സാധിക്കില്ല. ചുരുക്കത്തില്‍ സര്‍ക്കാറിനുമേല്‍ ഭാരിച്ച ഉത്തരവാദിത്തമാണ് ഇക്കാര്യത്തിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയും പാകിസ്താനുമെല്ലാം ഉദാഹരണമായി നമുക്ക് മുന്നിലുള്ളപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. റെയ്ഡുകളും അറസ്റ്റുകളുമായി ജനശ്രദ്ധ തിരിച്ചുവിട്ടതുകൊണ്ട് മാത്രം സമ്പദ്ഘടനയെ രക്ഷിക്കാനാവില്ല. ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള ഉറച്ച കാല്‍വെപ്പുകള്‍ക്ക് തയാറായില്ലെങ്കില്‍ രാജ്യത്തിനുണ്ടാകുന്ന ഭവിഷ്യത്ത് വലുതായിരിക്കും.

web desk 3: